കോഴിക്കോട് ആവിക്കല്‍ മലിനജല സംസ്‌കരണ പ്ലാന്റിന് എതിരെയുള്ള പ്രതിഷേധങ്ങളെ വീണ്ടും വിമര്‍ശിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍. പ്രതിഷേധം നിയന്ത്രിക്കുന്നത് തീവ്രവാദികളാണ്. സമരം ചെയ്യുന്നവരിലെ തീവ്രവാദികളും മാവോവാദികളും തമ്മില്‍ അന്തര്‍ധാരയുണ്ട്. പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കി പദ്ധതി ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആവിക്കലില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധങ്ങളെ വക വെക്കുന്നില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഐക്യകണ്ഠ്യേന അംഗീകരിച്ച പദ്ധതിയാണിത്. മാവോവാദികള്‍ ആരുവിളിച്ചിട്ടാണ് സമരസ്ഥലത്തെത്തിയതെന്ന് പൊലീസ് അന്വേഷിക്കണം. തീവ്രവാദികള്‍ നേതൃത്വം നല്‍കുന്ന സമരത്തിന് കോണ്‍ഗ്രസും മുസ്ലിം ലീഗും കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദികളുടെ താത്പര്യത്തിനും നിര്‍ദ്ദേശത്തിനും അനുസരിച്ച് ഇവിടെ കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും നേതൃത്വം കളിക്കേണ്ടതുണ്ടേയെന്ന് അവര്‍ ആലോചിക്കണം. പ്രദേശത്തെ ജനങ്ങളെ മാലിന്യത്തില്‍ നിന്നും മാറാരോഗത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായുള്ള പദ്ധതിയാണിത്. എംകെ രാഘവന്‍ എംപി, കൊടുവള്ളി എംഎല്‍എ, എംകെ മുനീര്‍ എന്നിവര്‍ സമരത്തിന് ഇറങ്ങിപ്പുറപ്പെട്ടത് രാഷ്ട്രീയലക്ഷ്യം മനസ്സില്‍വെച്ചാണ്. അത് ഇവിടെ നടക്കില്ലെന്നും പി മോഹനന്‍ കൂട്ടിച്ചേര്‍ത്തു.
തീരദേശപാതയുടെ ഒരു ഭാഗം തടസപ്പെടുത്തിയായിരുന്നു എല്‍ഡിഎഫിന്റെ വിശദീകരണ യോഗം. ഇതേ തുടര്‍ന്ന് സമരസമിതി കളകള്‍ അടച്ച് പ്രതിഷേധിച്ചു. ഗതാഗത തടസമുണ്ടാക്കിയതിന് സംഘാടകര്‍ ഉള്‍പ്പെടെ 100 ഓളം പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.