കൊടുചൂടില്‍ വേനല്‍ തരണം ചെയ്യാന്‍ ദിവസേന ആറ് ലക്ഷം യൂണിറ്റ് വില കൂടിയ വൈദ്യുതി വാങ്ങാനൊരുങ്ങി വൈദ്യുതി ബോര്‍ഡ്. യൂണിറ്റിന് 9.26 രൂപയാണ് വില. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി വാങ്ങാന്‍ ബുധനാഴ്ച അംഗീകാരം നല്‍കി.
യൂണിറ്റിന് 4.15 രൂപയ്ക്കുള്ള ദീര്‍ഘകാല കരാര്‍ ചട്ടം ലംഘിച്ചതിനാല്‍ റദ്ദാക്കണമെന്ന ഉത്തരവിന് പിന്നാലെയാണിത്. മേയ് 31 വരെയുള്ള ഉപയോഗത്തിന് 150 മെഗാവാട്ട് വൈദ്യുതിക്കാണ് ബോര്‍ഡ് ടെന്‍ഡര്‍ വിളിച്ചത്. എന്നാല്‍ രണ്ട് കമ്പനികളേ വന്നുള്ളൂ.
എന്‍ടിപിസി വിദ്യുത് വ്യാപാര്‍നിഗം ലിമിറ്റഡ് 50 മെഗാവാട്ട് വൈദ്യുതി 9.26 രൂപയ്ക്കും മണികരണ്‍ പവര്‍ ലിമിറ്റഡ് 100 മെഗാവാട്ട് 12 രൂപയ്ക്കും വാഗ്ദാനം ചെയ്തു. 9.26 രൂപയ്ക്കുള്ള വൈദ്യുതിക്ക് കമ്മിഷന്റെ അംഗീകാരം തേടി. അധികച്ചെലവ് സര്‍ചാര്‍ജായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും.