കരുവന്നൂര്‍ കേസിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്ഥലം കണ്ടുകെട്ടിയതായും അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും സ്ഥിരീകരിച്ച് സിപിഎം. പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി ഓഫീസിനായി വാങ്ങിയ 4.66 സെന്റ് സ്ഥലവും വര്‍ഷങ്ങള്‍ പഴക്കമുള്ള രണ്ട് സ്ഥിര നിക്ഷേപങ്ങളും മരവിപ്പിച്ചെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
ആദ്യമായാണ് ഇഡിയുടെ നടപടിയെ കുറിച്ച് സിപിഎം പ്രതികരിക്കുന്നത്. നേരത്തെ കാര്യങ്ങളെ കുറിച്ച് വ്യക്തതയില്ലെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് പ്രതികരിച്ചത്. അതേസമയം വാര്‍ത്താ കുറിപ്പില്‍ ഇഡി നടപടിയെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്.
ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു. ക്രമക്കേട് നടത്തിയ ചിലരെ മാപ്പുസാക്ഷിയാക്കി അവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സിപിഎം വിരുദ്ധ രാഷ്ട്രീയം കളിക്കുകയാണ് ഇഡിയെന്നും സിപിഎം നേതൃത്വം ആരോപിക്കുന്നു.
Read more
സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതും നാല് സെന്റ് സ്ഥലം കണ്ടുകെട്ടിയതും അനാവശ്യ നടപടിയാണ്. ഇലക്ട്രല്‍ ബോണ്ടിനെതിരെ ശക്തമായ നിലപാടെടുത്തതിനാല്‍ സിപിഎമ്മിനെ വേട്ടയാടുകയാണെന്നും ജില്ലാ സെക്രട്ടറിയേറ്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.