കരുവന്നൂർ കേസിൽ എംഎം വർഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി; പാർട്ടിയുമായി ആലോചിച്ച ശേഷം ഹാജരാകുന്നതിൽ തീരുമാനമെന്ന് എം.എം വർഗീസ്

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍  തൃശ്ശൂർ സിപിഎം ജില്ലാ സെക്രട്ടറി എം.എം വർഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി. കൊച്ചിയിലെ ഇഡി ഓഫീസിൽ ബുധനാഴ്ച രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. പാർട്ടിയുമായി ആലോചിച്ച ശേഷമേ ഹാജരാകുന്നതിൽ തീരുമാനം എടുക്കുവെന്ന് എം.എം വർഗീസ് അറിയിച്ചു.

കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ഇത് അഞ്ചാം തവണയാണ് ഇ ഡി നോട്ടീസ് അയക്കുന്നത്. നേരത്തെ നാലുതവണ എം.എം വർഗീസിനെ ഇഡി വിളിച്ചുവരുത്തി ചോദ്യംചെയ്‌തിരുന്നു. കേസിൽ കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്നാണ് ഇഡി നൽകുന്ന വിശദീകരണം. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിൻ്റെ പേരിൽ അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതിലൂടെ 50 ലക്ഷത്തിൻ്റെ ഇടപാട് നടന്നെന്നും 72 ലക്ഷത്തിന്റെ നിക്ഷേപമുണ്ടെന്നും ആരോപണമുണ്ട്.

അതേസമയം, സിപിഎമ്മിന്‍റെ രഹസ്യ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനും, ധനമന്ത്രാലയത്തിനും, റിസര്‍വ് ബാങ്കിനും ഇഡി കൈമാറി. കരുവന്നൂരില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നേരിട്ട് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇഡിയുടെ നീക്കങ്ങള്‍. അഞ്ച് രഹസ്യ അക്കൗണ്ടുകള്‍ പാര്‍ട്ടിക്ക് കരുവന്നൂര്‍ ബാങ്കിലുണ്ടെന്നും അക്കൗണ്ടുകള്‍ തുടങ്ങണമെങ്കില്‍ ബാങ്കില്‍ അംഗത്വം എടുക്കണമെന്ന ബാങ്ക് ബൈലോ പാലിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്.

Read more

കരുവന്നൂർ കേസിൽ ആദ്യ ഘട്ട കുറ്റപത്രം ഇഡി നൽകിയിരുന്നു. ഇതിന് ശേഷം കടുത്ത നടപടികളിലേക്കാണിപ്പോൾ ഇഡി കടക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് എംഎം വർ‌​ഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുന്നത്. കേസിൽ കൂടുതൽ നേതാക്കളെ നോട്ടീസ് നൽകി വിളിച്ചുവരുത്തിയേക്കുമെന്നാണ് സൂചന.