കള്ളപ്പണം വെളുപ്പിക്കല്‍; കാനറ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പ്; ജെറ്റ് എയര്‍വെയ്സിന്റെ 538 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഇഡി

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്സിന്റെ 538 കോടിയുടെ വസ്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കമ്പനിയുടെയും ജീവനക്കാരുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്വത്തുക്കളാണ് പിടിച്ചെടുത്തത്.

കണ്ടുകെട്ടിയതില്‍ 17 ഫ്ലാറ്റുകളും ബംഗ്ലാവുകളും വാണിജ്യ കെട്ടിടങ്ങളും ഉള്‍പ്പെടുന്നു.ജെറ്റ് എയര്‍വെയ്സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെയും ഭാര്യ അനിതാ ഗോയലിന്റെയും മകന്‍ നിവാന്‍ ഗോയലിന്റെയും പേരിലുള്ള സ്വത്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. നരേഷ് ഗോയലിന്റെ കുടുംബാംഗങ്ങളുടെ പേരില്‍ ലണ്ടന്‍, ദുബൈ, രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

Read more

കാനറ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ നരേഷ് ഗോയലിനെ സെപ്റ്റംബര്‍ ഒന്നിനാണ് ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഗോയല്‍ നിലവില്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തുടര്‍ന്നാണ് കേസിന്റെ ഭാഗമായി സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.