നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ നടപടികള്‍ കടുപ്പിച്ച് ഇഡി. സ്വര്‍ണം കൈപ്പറ്റിയവരുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. 27.65 ലക്ഷത്തിന്റെ സ്വര്‍ണവും 1.13 കോടിയുടെ സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. ടി.എം. സംജു, ഷംസുദ്ദീന്‍, നന്ദഗോപാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കോഴിക്കോട്ടും കോയമ്പത്തൂരിലും ഉള്‍പ്പെടെ നാല് സ്ഥലത്ത് ഇഡി നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെയായിരുന്നു നടപടി.
സ്വപ്ന സുരേഷ് മുഖ്യപ്രതിയായ കേസില്‍ സ്വര്‍ണ വ്യാപാരികളെയും ദുബായില്‍ നിന്നും സ്വര്‍ണം വാങ്ങാന്‍ പണം നല്‍കിയവരെയും മുന്‍ നിര്‍ത്തിയായിരുന്നു പരിശോധന. കോഴിക്കോടും കോയമ്പത്തൂരും റെയ്ഡ് നടത്തിയതിന്റെ തുടര്‍ച്ചയായാണ് നടപടി. അറസ്റ്റിലായ കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി റമീസില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച അന്വേഷണം ഇ.ഡി ശക്തമാക്കിയിരുന്നത്.