മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട സിഎംആര്‍എല്‍-എക്‌സ്സാലോജിക് കേസില്‍ ഇടപെടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസില്‍ എസ്എഫ്‌ഐഒ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം ആവശ്യപ്പെട്ട് ഇഡി എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
നേരത്തെ ദേശീയ മാധ്യമങ്ങള്‍ മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥന്‍ കേസിലെ രേഖകള്‍ തേടി എസ്എഫ്‌ഐഒയ്ക്ക് കത്തയച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്നതാണ്.
ഇന്‍കം ടാക്‌സ് നടത്തിയ പരിശോധനയില്‍ ഉള്‍പ്പെടെ 1.72 കോടിരൂപ വീണയും കമ്പനിയും സേവനം നല്‍കാതെ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. വീണയ്ക്കും കമ്പനിക്കും രാഷ്ട്രീയനേതാക്കള്‍ക്കുമെല്ലാം ഇത്തരത്തില്‍ പണം നല്‍കിയതടക്കം, സ്വകാര്യ കരിമണല്‍ക്കമ്പനിയായ സിഎംആര്‍എല്‍ 197.7 കോടിയുടെ വെട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.