കരുവന്നൂർ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ ഇ ഡി; പി. കെ ബിജു, എം. ആർ ഷാജൻ എന്നിവർക്ക് നോട്ടീസ്

കരുവന്നൂർ കള്ളപ്പണ കേസിൽ ചോദ്യം ചെയ്യൽ കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ച് ഇഡി. മുൻ എംപി പി. കെ ബിജു, സിപിഎം തൃശൂർ കോര്‍പറേഷൻ കൗൺസിലർ എം. ആർ ഷാജൻ എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകി. ബിജുവിനോട് ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കൂടാതെ  പെരിങ്ങണ്ടൂർ ബാങ്ക് പ്രസിഡന്റ് എം. ആർ ഷാജനോട് വെള്ളിയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായിരുന്നു ഇരുവരും. കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ കൂടുതൽ സിപിഎം സംസ്ഥാന നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് നോട്ടീസെന്നാണ് സൂചന. മുൻ മന്ത്രി എ. സി മൊയ്‌തീൻ, സംസ്ഥാന കമ്മിറ്റി അംഗം എം. കെ കണ്ണൻ എന്നിവർക്കെതിരെ നേരത്തെ അന്വേഷണം നടന്നിരുന്നു. മുൻ എംപിയായ സിപിഎം നേതാവിന് കേസിൽ പ്രതിയായ സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് ഇഡി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജുവിന് നോട്ടീസ് നൽകിയിരിക്കുന്നത്.

അതേസമയം സിപിഎം മറച്ചുവെച്ചെന്ന് ആരോപിക്കപ്പെടുന്ന കരുവന്നൂർ സഹകരണ ബാങ്കിലെ അഞ്ച് അക്കൗണ്ട് വിവരങ്ങൾ ഇഡി തിരഞ്ഞെടുപ്പ് കമീഷന് കൈമാറി. പുറത്തിശ്ശേരി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ളതാണ് അക്കൗണ്ടുകൾ. സഹകരണ നിയമങ്ങൾ ലംഘിച്ചും ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ആരോപണം. ഈ അക്കൗണ്ടുകൾ വഴി ബിനാമി വായ്‌പകൾക്കുള്ള പണം വിതരണം ചെയ്തെന്നും ഇ.ഡിയുടെ റിപ്പോർട്ടിലുണ്ട്.

Read more

വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. കേസിൽ സിപിഎം നേതാക്കളായ എം. കെ കണ്ണൻ, എ. സി മൊയ്‌തീൻ അടക്കം നേതാക്കൾക്ക് രണ്ടാംഘട്ട അന്വേഷണഭാഗമായി നോട്ടീസ് നൽകും. പാർട്ടി ജില്ല സെക്രട്ടറി എം. എം വർഗീസിനെ മൂന്നാംവട്ടവും വിളിപ്പിച്ചിട്ടുണ്ട്. ലോക്കൽ കമ്മിറ്റികൾക്ക് അക്കൗണ്ട് ഉണ്ടാകാമെന്നും ഏരിയ കമ്മിറ്റികൾ വരെയുള്ള വിവരം തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയിട്ടുണ്ടെന്നുമാണ് സിപിഎം വിശദീകരണം.