കരുവന്നൂർ കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുമായി ഇഡി. സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷന് പണം കൈമാറിയതായി പ്രവാസി വ്യവസായി മൊഴി നൽകിയെന്ന് ഇഡി അറിയിച്ചു. ഗൾഫിൽ വെച്ച് 77 ലക്ഷം കൈമാറിയെന്നാണ് പ്രവാസി വ്യവസായി ജയരാജൻ മൊഴി നൽകിയത്. കേസിലെ പ്രതി സതീഷ് കുമാറുമായി ദുബായിൽ എത്തിയപ്പോഴാണ് പണം നൽകിയത്.
ഈ പണം തിരികെ കിട്ടിയില്ലെന്നും ജയരാജൻ മൊഴി നൽകിയതായി ഇഡി പറയുന്നു. സി.കെ.ജിൽസിനെ ബാങ്ക് ഭരണ സമിതി വഴിവിട്ട് സഹായിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. വൻതുക ലോൺ ഉള്ളപ്പോഴാണ് ഈടായി നൽകിയ ഭൂമിയുടെ രേഖകൾ ജിൽസിന് തിരികെ നൽകിയതെന്നും ഇഡി കോടതിയെ അറിയിച്ചു.
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം കൗൺസിലർ പി.ആർ.അരവിന്ദാക്ഷന്‍റെയും സി.കെ.ജിൽസിന്റെയും ജാമ്യാപേക്ഷകളെ എതിർത്ത് നൽകിയ സത്യവാങ്മൂല്യത്തിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു ജാമ്യാപേക്ഷകളും കൊച്ചിയിലെ പി.എം.എല്‍എ. കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി.അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ അടുത്തമാസം 6 നും, ജിൽസിന്റേത് അടുത്ത മാസം ഒന്നിനും പരിഗണിക്കും.