കരുവന്നൂര്‍ കള്ളപ്പണമിടപാടില്‍ പിടിമുറുക്കി ഇഡി; സിപിഎമ്മിനെ പ്രതി ചേര്‍ത്ത് സ്വത്തുക്കള്‍ കണ്ടുകെട്ടി; പാര്‍ട്ടിയുടെ എട്ട് ബാങ്ക് അക്കൗണ്ടുകള്‍ കൂടി മരവിപ്പിച്ചു

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. ് 29.29 കോടി രൂപയുടെ സ്വത്താണ് പിടിച്ചെടുത്തിരിക്കുന്നത്. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

കണ്ടുകെട്ടിയതില്‍ പാര്‍ട്ടി ഓഫീസിനായി വാങ്ങിയ അഞ്ച് സെന്റ് ഭൂമിയും ഉള്‍പ്പെടും. ഇതിനുപുറമെ പാര്‍ട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള എട്ട് ബാങ്ക് അക്കൗണ്ടുകള്‍ കൂടി മരവിപ്പിച്ചു. 60 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. മരവിപ്പിച്ചതില്‍ കരുവന്നൂര്‍ ബാങ്കിലെ അഞ്ച് അക്കൗണ്ടുകള്‍ ഉള്‍പ്പെടും.

സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ഒരു അക്കൗണ്ട്, തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകളും മരവിപ്പിച്ചു.
സിപിഎമ്മില്‍നിന്ന് മാത്രം കണ്ടുകെട്ടിയത് 73 ലക്ഷത്തിന്റെ സ്വത്തുക്കളാണ്. 9 വ്യക്തികളുടെ സ്വത്തുക്കളും കണ്ടുകെട്ടി. കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് അനധികൃതമായി ലോണ്‍ സമ്പാദിച്ചവരുടെ സ്വത്താണ് കണ്ടുകെട്ടിയത്. എന്നാല്‍, ഇ.ഡി നടപടിയെ സംബന്ധിച്ച് സിപിഎം നേതാക്കള്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല.