തൃശൂർ കരുവന്നൂർ കള്ളപ്പണ ഇടപാട് കേസില്‍ നടപടിക്കൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്വേഷണത്തിലെ കണ്ടെത്തൽ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകും. സിപിഎമ്മിനെ പ്രതി ചേർത്തതും പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെയും വിവരങ്ങളും പൊലീസ് മേധാവിക്ക് കൈമാറും.
പിഎംഎൽഎ നിയമത്തിലെ സെക്ഷൻ 66(2) പ്രകാരമാണ് നടപടി. വായ്പയെടുത്ത് ബാങ്കിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങളും കൈമാറും. അതേസമയം, കരുവന്നൂരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വൈകുന്നത് ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് ഹൈകോടതി വീണ്ടും പരിഗണിക്കും. നാല് വർഷം കഴിഞ്ഞിട്ടും സംസ്ഥാന പൊലീസ് അന്വേഷണം എങ്ങുമെത്താത്തതിൽ സിംഗിൾ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
കേസ് ഫയലുകളെല്ലാം എൻഫോഴ്സ്മെന്‍റ് എടുത്തുകൊണ്ട് പോയതുകൊണ്ടാണ് അന്വേഷണം മുന്നോട്ടുപോകാത്തതെന്നാണ് സംസ്ഥാന സർക്കാർ നൽകിയ മറുപടി. ഈ നിലയിൽ പോയാൽ കേസ് സിബിഐയ്ക്ക് കൈമാറേണ്ടിവരുമെന്ന് കോടതി ഇന്നലെ പറഞ്ഞിരുന്നു. അതേസമയം കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. അതിനിടെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍മന്ത്രി എ സി മൊയ്തീന്‍, സിപിഐഎം മുന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്നിവരെ പ്രതി ചേര്‍ക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇരുപത് പ്രതികള്‍ അടങ്ങുന്ന രണ്ടാംഘട്ട പ്രതിപട്ടികയ്ക്ക് ഇ ഡി ആസ്ഥാനം അനുമതി നല്‍കി. മൂന്നാംഘട്ട പ്രതിപട്ടികയ്ക്ക് കൂടി അംഗീകാരം ലഭിച്ചശേഷമാകും കുറ്റപത്രം സമര്‍പ്പിക്കുക.
ക്രമക്കേടിലൂടെ ലോണ്‍ തരപ്പെടുത്തിയവരും കേസില്‍ പ്രതികളാകും. ഇഡി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആണ് പ്രതി പട്ടിക അംഗീകരിച്ചത്. കേസില്‍ ആകെ 80ലധികം പ്രതികള്‍ വരും എന്നാണ് വിവരം. കൂടുതല്‍ സിപിഐഎം നേതാക്കള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അതേസമയം കേസില്‍ കെ രാധാകൃഷ്ണന്‍ എംപിയെ സാക്ഷിയാക്കാന്‍ ഇ ഡി തീരുമാനിച്ചിരുന്നു. കെ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇ ഡിയുടെ നീക്കം.
അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ലെന്ന് കെ രാധാകൃഷ്ണൻ എംപി പറഞ്ഞിരുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസിലെ നടപടിക്രമങ്ങൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ രാധാകൃഷ്ണൻ. പലരും നല്‍കിയ മൊഴികളില്‍ വ്യക്തത വരുത്താനാണ് ഇ ഡി വിളിപ്പിച്ചതെന്നും പൊലീസ് മുറയിലുളള ചോദ്യംചെയ്യലല്ല നടക്കുന്നതെന്നും കെ രാധാകൃഷ്ണൻ പറഞ്ഞിരുന്നു.
കരുവന്നൂര്‍ ബാങ്കില്‍ സിപിഐഎം ജില്ലാ കമ്മിറ്റിക്ക് അക്കൗണ്ടില്ല എന്നും കെ രാധാകൃഷ്ണൻ എംപി പറഞ്ഞു. എന്റെ ആധാറും പാന്‍ കാര്‍ഡും സ്വത്ത് വിവരങ്ങളുമുള്‍പ്പെടെ നേരത്തെ തന്നെ കൈമാറിയിരുന്നു. പൊലീസ് മുറയിലുളള ചോദ്യംചെയ്യലല്ല നടക്കുന്നത്. രേഖകളടക്കം കാര്യങ്ങള്‍ ഇ ഡിയെ ബോധിപ്പിച്ചിട്ടുണ്ടെന്നും കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു. താന്‍ കേസില്‍ പ്രതിയാണെന്ന രീതിയിലാണ് പ്രചാരണമെന്നും അതില്‍ അടിസ്ഥാനമില്ലെന്നും കെ രാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.