ജമ്മു കശ്മീരിലെ പെഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. കൊച്ചി ഇടപ്പള്ളി സ്വദേശിയാണ് എന്‍ രാമചന്ദ്രന്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മന്ത്രി പി പ്രസാദ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
നെടുമ്പാശേരിയിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം റിനൈ മെഡിസിറ്റിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റും. വെള്ളിയാഴ്ച രാവിലെ ഏഴ് മണി മുതല്‍ 9 മണി വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനം. തുടര്‍ന്ന് 9.30ന് വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് 12 മണിയോടെ ഇടപ്പള്ളി ശ്മശാനത്തിലാണ് സംസ്‌കാരം നടത്തുക.
പെഹല്‍ഗാമില്‍ കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ രാമചന്ദ്രനെ മകളുടെ മുന്നില്‍ വച്ചാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. അതേസമയം കുല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നു. കുല്‍ഗാമിലെ തങ്മാര്‍ഗില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് പുറത്തുവരുന്ന വിവരം. ദ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ടോപ് കമാന്‍ഡറെ സൈന്യം വളഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
സിആര്‍പിഎഫ്, കരസേന, ജമ്മു കശ്മീര്‍ പൊലീസ് എന്നിവയുടെ സംയുക്ത ഓപ്പറേഷനാണ് കുല്‍ഗാമില്‍ നടക്കുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കി സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. പ്രദേശത്ത് ഒന്നിലേറെ ഭീകരരുടെ സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.