യുദ്ധഭൂമിയില്‍ നിന്ന് സുരക്ഷിതമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ ആര്യയും സൈറ എന്ന വളര്‍ത്തുനായയും ഇന്ന് നാട്ടിലെത്തും. വളര്‍ത്തുമൃഗങ്ങളെ വിമാനത്തില്‍ കയറ്റാന്‍ കഴിയില്ലെന്ന് ഇന്നലെ എയര്‍ ഏഷ്യ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് സൈറയുടെ യാത്ര മുടങ്ങുകയായിരുന്നു. പത്ത് മണിയുടെ എയര്‍ ഏഷ്യയിലോ അല്ലെങ്കില്‍ എയര്‍ ഇന്ത്യയുടെ രണ്ട് മണിയുടെ വിമാനത്തിലോ ആയിരിക്കും എത്തുക എന്നാണ് സൂചന.
നായയുമായുള്ള യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിഷയത്തില്‍ ഇടപെട്ടു. ആര്യയ്ക്കും സൈറയ്ക്കും യാത്രാ സൗകര്യം ഒരുക്കി നല്‍കാന്‍ അദ്ദേഹം റസിഡന്റ് കമ്മീഷണറേയും നോര്‍ക്ക സിഇഒയേയും ചുമതലപ്പെടുത്തി.
സാധ്യമാകുന്ന വഴിയിലൂടെ സ്വന്തം നിലയില്‍ സൈറയെ വീട്ടിലേയ്ക്ക് കൊണ്ടു പോകും എന്നായിരുന്നു ആര്യ പ്രതികരിച്ചത്. യുദ്ധഭൂമിയില്‍ നിന്നും ഏറെ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ സൈറ എന്ന സൈബീരിയന്‍ നായയുമായി ഇന്നലെ പുലര്‍ച്ചെയാണ് ആര്യ ഡല്‍ഹിയില്‍ എത്തിയത്.
സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ട സൈറയ്ക്ക് അഞ്ചുമാസമാണ് പ്രായം. യാത്രയെ തുടര്‍ന്ന് ക്ഷീണിതയായ നായയെ നാട്ടിലെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്ന് ആര്യ പറയുന്നു. ഇടുക്കി ദേവികുളം ലാക്കാട് സ്വദേശിയായ ആര്യ കീവിലെ വെനീസിയ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്.