'ഈട'യില്‍ രാഷട്രീയ മുതലെടുപ്പുമായി കോണ്‍ഗ്രസ്; നുണപ്രചരണത്തിന് കൊടിപിടിക്കുന്നത് സംസ്ഥാന നേതാക്കള്‍

“ഈട രാഷട്രീയ ആയുധമാക്കി കോണ്‍ഗ്രസ്. കണ്ണൂരിന്റെ രാഷട്രീയം ചര്‍ച്ച ചെയ്യുന്ന ഈട സിനിമയെ സി.പി.ഐ.എമ്മിനെതിരെയുള്ള ആയുധമാക്കി ആദ്യം രംഗത്തെത്തിയിരുന്നത് കോണ്‍ഗ്രസ് നേതാവ്പി.സി വിഷ്ണുനാഥായിരുന്നു. പിന്നീട് കെ. സുധാകരനും രമേശ് ചെന്നിത്തലയും രംഗത്തെത്തിയതോടെ ഈടയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായി. ഈട സി.പി.ഐ.എമ്മിന്റെ അക്രമ രാഷട്രീയമാണ് പറയുന്നത് എന്ന പ്രചരണത്തിലൂടെ സിനിമയെ രാഷട്രീയ ആയുധമാക്കുകയാണ് കോണ്‍ഗ്രസ് ചെയതത്.

പയ്യന്നൂരില്‍ “ഈട”പ്രദര്‍ശനം സി.പി.ഐ.എം പ്രവര്‍ത്തകര്‍ നിര്‍ത്തിവെപ്പിച്ചുവെന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ നുണ പ്രതരണമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സുധാകരനെതിരെ ഡി.വൈ.എഫ്.ഐ രംഗത്തെത്തി. ശൂന്യതയില്‍ നിന്നു വാര്‍ത്തയുണ്ടാക്കുന്ന പരിപാടിയാണ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ചെയതതെന്ന് ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ജി.ലിജിത്ത് സൗത്ത്‌ലൈവിനോട് പറഞ്ഞു.

“ഇന്നലെ പുതിയ രണ്ട് സിനിമകള്‍കൂടി റിലീസ് ആയിരുന്നു. ഈട സിനിമ കാണാന്‍ ആളില്ലാത്തതുകൊണ്ടാണ് ഷോ ടൈം കുറച്ചത്. അതിലപ്പുറം ഒരു വിഷയവും അവിടെ ഉണ്ടായിട്ടില്ല. എന്നാല്‍ പയ്യന്നൂരിലെ ജനതയെ അപമാനിക്കുന്ന തരത്തിലുള്ള സുധാകരന്റെ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. ഇന്നും തീയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കുറഞ്ഞ പക്ഷം പയ്യന്നൂരിലെ കോണ്‍ഗ്രസ് നേതാക്കളെ ഒന്നു ബന്ധപ്പെട്ടെങ്കിലും കാര്യങ്ങള്‍ സുധാകരന് അന്വേഷിക്കാമായിരുന്നുവെന്നും ലിജിത്ത് പറഞ്ഞു.

ഈട പ്രദര്‍ശനം സിപിഐഎം പ്രവര്‍ത്തകര്‍ നിര്‍ത്തിവെപ്പിച്ചുവെന്ന ആരോപണത്തെ തള്ളി തിയേറ്റര്‍ ഉടമ തന്നെ രംഗത്തെത്തിയിരുന്നു. പയ്യന്നൂരില്‍ സിനിമയുടെ പ്രദര്‍ശനം തടഞ്ഞതായിട്ടാണ് വാര്‍ത്തകള്‍ വന്നത്. ഇതിനെ തള്ളിയാണ് തിയേറ്റര്‍ ഉടമ രംഗത്തു വന്നിരുന്നത്.

പയ്യന്നൂരിലെ സുമംഗലി തിയേറ്ററില്‍ ഈടയുടെ പ്രദര്‍ശനം സിപിഐഎം ഇടപെട്ട് നിര്‍ത്തിവെപ്പിച്ചുവെന്ന ആരോപണമാണ് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ ഉന്നയിച്ചത്. ടിക്കറ്റ് എടുത്ത് ഷോ കാണാന്‍ എത്തിയ ആളുകളെ പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെട്ട് മടക്കി അയച്ചുവെന്നാണ് കെ. സുധാകരന്‍ ഉയര്‍ത്തുന്ന ആരോപണം.

വടക്കന്‍ മലബാറിന്റെ പകയുടെ രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഈടയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഈ സിനിമക്ക് എതിരെ ഈട ഈടെ വേണ്ട എന്ന പേരില്‍ സിപിഐഎം പ്രചാരണം നടത്തുകയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍ പയ്യന്നൂരില്‍ ഇന്ന് 10.30 ന് ഈടയുടെ പ്രദര്‍ശനം തുടങ്ങി. പയ്യന്നൂരില്‍ തീയേറ്റര്‍ അടിച്ചുപൊളിച്ചും പ്രദര്‍ശനം നിര്‍ത്തിവെപ്പിച്ചും സി.പി.ഐ.എം സിനിമയ്‌ക്കെതിരെ രംഗത്തെത്തിയെന്ന് കോണ്‍ഗ്രസിനൊപ്പം ആര്‍.എസ്.എസും സോഷ്യല്‍മീഡയ വഴി പ്രചരണം നടത്തുന്നുണ്ട.