മുട്ടറോസ്റ്റിന് അമിത വില ഈടാക്കിയെന്ന സിപിഎം എം.എല്‍.എ കൂടിയായ പി പി ചിത്തരജ്ഞന്റെ പരാതിയില്‍ വിശദീകരണവുമായി ഹോട്ടലുടമ. തങ്ങളുടെ ഹോട്ടലിലെ മുട്ടറോസ്റ്റ് മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാണ്. മുട്ടറോസ്റ്റും ഉണക്കമുന്തിരിയും അടക്കമുള്ള ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് വിലയില്‍ വ്യ്ത്യാസം എന്നും ഹോട്ടലുടമ അന്വേഷിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഗുണനിലവാരത്തിന് ആനുപാതികമായാണ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് വില ഈടാക്കുന്നത്. ഓരോ മേശയിലും മെനു കാര്‍ഡുണ്ട്. അതില്‍ വില പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വാടകയ്ക്ക് 1.70 ലക്ഷം രൂപയും വൈദ്യുതി ചെലവ് ഒരു ലക്ഷം രൂപയുമാണെന്ന് കഴിഞ്ഞ ദിവസം ഇവര്‍ പറഞ്ഞിരുന്നു.
ചേര്‍ത്തല താലൂക്ക് സപ്ലൈഓഫീസര്‍ ആര്‍. ശ്രീകുമാരനുണ്ണിയുടെ നേതൃത്വത്തിലാണ് ഹോട്ടലില്‍ പരിശോധന നടത്തിയത്. മറ്റു ഹോട്ടലുകളെ അപേക്ഷിച്ച് കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടലില്‍ ഉയര്‍ന്നവില ഈടാക്കുന്നതായി കണ്ടെത്തിയതായാണ് സൂചന. ഇത് സംബന്ധിച്ച് ജില്ലാ സപ്ലൈഓഫീസര്‍ കളക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കി.
മുട്ടറോസ്റ്റിന് അമിത വില ഈടാക്കിയെന്ന് ആരോപിച്ച് കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിനെതിരെ കഴിഞ്ഞ ദിവസമാണ് പി പി ചിത്തരിജ്ഞന്‍ എംഎല്‍എ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.
‘ഫാന്‍ സ്പീഡ് കൂട്ടിയിട്ടാല്‍ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അല്‍പം ഗ്രേവിയും നല്‍കിയതിന് 50 രൂപ. അതൊരു സ്റ്റാര്‍ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല.’
‘ചില ഹോട്ടലുകളില്‍ രണ്ടു കറികളുള്ള വെജിറ്റേറിയന്‍ ഊണ് കഴിക്കണമെങ്കില്‍ 100 രൂപ നല്‍കണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നല്‍കുന്ന സാധാരണ ഹോട്ടലുകള്‍ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലര്‍ കൊള്ളലാഭമുണ്ടാക്കാന്‍ കൃത്രിമ വിലക്കയറ്റം നടത്തുന്നത്’, എന്നും എം.എല്‍.എ ആരോപിച്ചു.