മുഖ്യമന്ത്രി പിണറായി വിജയൻ ലോകമെങ്ങുമുള്ള കേരളീയർക്ക് ഈദുല്‍ ഫിത്തര്‍ ആശംസിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ലോകമെങ്ങുമുള്ള കേരളീയ സഹോദരങ്ങള്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസക്കുന്നു.
കോവിഡ് 19 കാരണം മുമ്പൊരിക്കലുമില്ലാത്ത പ്രതിസന്ധിയിലൂടെയും ദുരിതത്തിലൂടെയും ലോകം കടന്നുപോകുമ്പോഴാണ് റമദാനും ചെറിയ പെരുന്നാളും വരുന്നത്. “സഹനമാണ് ജീവിതം” എന്ന സന്ദേശം ഉള്‍ക്കൊണ്ട് റമദാന്‍ വ്രതമെടുക്കുന്നവര്‍ക്ക് സന്തോഷത്തിന്‍റെ ദിനമാണ് പെരുന്നാള്‍. എന്നാല്‍, പതിവുരീതിയിലുള്ള ആഘോഷത്തിന്‍റെ സാഹചര്യം ലോകത്തെവിടെയുമില്ല.
പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേര്‍ന്ന് പെരുന്നാള്‍ നമസ്കരിക്കുക എന്നത് മുസ്ലിങ്ങള്‍ക്ക് വലിയ പുണ്യകര്‍മമാണ്. ഇത്തവണ പെരുന്നാള്‍ നമസ്കാരം അവരവരുടെ വീടുകളില്‍ തന്നെയാണ് എല്ലാവരും നിര്‍വഹിക്കുന്നത്. മനഃപ്രയാസത്തോടെയാണെങ്കിലും സമൂഹത്തിന്‍റെ സുരക്ഷയും താല്‍പര്യവും മുന്‍നിര്‍ത്തിയാണ് മുസ്ലിം സമുദായ നേതാക്കള്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തുന്നത്.
സ്ഥിതിസമത്വത്തിന്‍റെയും സഹനത്തിന്‍റെയും അനുതാപത്തിന്‍റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്തര്‍ നല്‍കുന്നത്. ഇതിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.
https://www.facebook.com/CMOKerala/videos/675414339948127/