തൃശ്ശൂര്‍ പാവറട്ടിയില്‍ കഞ്ചാവുമായി പിടികൂടിയ പ്രതി എക്സൈസ് കസ്റ്റഡിയില്‍ മരണപ്പെട്ട സംഭവത്തില്‍ എട്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന പ്രിവന്റീവ് ഓഫീസർമാരായ വി.എ.ഉമ്മർ, എം.ജി.അനൂപ്കുമാർ, അബ്ദുൾ ജബ്ബാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിധിൻ എം.മാധവൻ, വി.എം.സ്മിബിൻ, എം.ഒ.ബെന്നി, മഹേഷ്, എക്സൈസ് ഡ്രൈവർ വി.ബി.ശ്രീജിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
അഡീഷണൽ എക്സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷണറാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. അതേസമയം കസ്റ്റഡി മരണത്തില്‍ ആരോപണവിധേയരായ രണ്ട് ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയില്‍ കൊലപ്പെട്ട രഞ്ജിത്തിനെ എക്സൈസ് ഉദ്യോഗസ്ഥര്‍ കൊണ്ടു പോയ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗുരുവായൂര്‍ എസിപി ബിജു ഭാസ്കറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് എക്സൈസ് സംഘത്തിന്‍റെ ജീപ്പ് കസ്റ്റഡിയിലെടുത്തത്. ഈ ജീപ്പില്‍ വച്ചാണ്, കഞ്ചാവ് കേസില്‍ പ്രതിയായ രഞ്ജിത്തിന് മര്‍ദ്ദനമേറ്റത്. എട്ടുപേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്.
മൂന്ന് പ്രിവന്‍റീവ് ഓഫീസര്‍മാര്‍, നാല് സിവില്‍ ഓഫീസര്‍മാര്‍, ഡ്രൈവര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പ്രിവന്‍റീവ് ഓഫീസര്‍മാരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. ഇവരാണ് രഞ്ജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.എന്നാല്‍, കേസില്‍ പ്രതിയാകുമെന്ന് ഉറപ്പായതോടെ ഇവര്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യേപേക്ഷ സമര്‍പ്പിക്കാനും സാധ്യതയുണ്ട്. മറ്റ് ആറ് പേരില്‍ നിന്ന് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും.
ജീപ്പിലുണ്ടായിരുന്ന മൂന്നാമത്തെ പ്രിവന്‍റീവ് ഓഫീസര്‍ പ്രശാന്ത് മര്‍ദ്ദനത്തെ തുടക്കത്തില്‍ത്തന്നെ എതിര്‍ക്കുകയും പ്രതിഷേധിച്ച് ജീപ്പില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്‍റെ മൊഴി കേസില്‍ നിര്‍ണായകമാവും. മര്‍ദ്ദനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച ശേഷമായിരിക്കും പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക.