ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ കൊല്ലപ്പെട്ട റോസ്‌ലിയുടെ മൊബൈല്‍ ഫോണും ബാഗും പൊലീസ് കണ്ടെത്തി. കേസിലെ മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തപ്പോഴാണ് വസ്തുക്കള്‍ എവിടെ ഉണ്ടെന്നുളള വിവരം പൊലീസിന് ലഭിച്ചത്. എവിടെ നിന്നാണ് ഇവ കണ്ടെത്തിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
റോസ്‌ലിയുടെ ബാഗും ഫോണും ബന്ധുക്കള്‍ സ്ഥിരീകരിച്ചതായാണ് വിവരം. അതേസമയം, കൊല്ലപ്പെട്ട പത്മയുടെ പാദസരത്തിനായി കുട്ടനാട് പള്ളിക്കൂട്ടുമ്മയില്‍ എസി കനാലില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിപ്പാദസരം കുട്ടനാട്ടിലെ ജലാശയത്തില്‍ ഉപേക്ഷിച്ചെന്ന ഷാഫിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍.
അതേസമയം ഷാഫി മനുഷ്യമാംസം കൊച്ചിയില്‍ എത്തിച്ചിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തി. കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം രണ്ടു തവണ കൊച്ചിയിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
അമാനുഷിക ശക്തി നേടാനായി മനുഷ്യമാംസം കഴിക്കുന്ന ചിലരെ തനിക്ക് അറിയാമെന്നും അവര്‍ പണം നല്‍കി മാംസം വാങ്ങുമെന്നും കൂട്ടുപ്രതികളായ ഭഗവല്‍ സിംഗ്, ലൈല എന്നിവരോടു ഷാഫി പറഞ്ഞിരുന്നതായാണ് വിവരം.