ഇലന്തൂരിലെ നരബലിക്കേസില്‍ അറസ്റ്റിലായ ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തി സെപ്റ്റംബര്‍ അവസാനം കുഴിയെടുത്ത് നല്‍കിയിരുന്നുവെന്ന് വെളിപ്പെടുത്തി തൊഴിലാളി ബേബി. മാലിന്യം തള്ളാനുള്ള കുഴിയെന്നു പറഞ്ഞാണ് ഭഗവല്‍ സിംഗ് കുഴിയെടുപ്പിച്ചതെന്ന് ബേബി പറഞ്ഞു. രണ്ടുദിവസംകൊണ്ടാണ് കുഴിയെടുത്തത്. ഈ സമയത്ത് ദമ്പതികളെ മാത്രമേ വീട്ടില്‍ കണ്ടുള്ളുവെന്നും ബേബി പറഞ്ഞു.
പ്രതികളെ കൊച്ചിയിലെത്തിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് കൊച്ചിയിലെത്തിച്ചത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ആയുധങ്ങള്‍ കണ്ടെത്തുന്നതടക്കമുള്ള നടപടികള്‍ക്കായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇലന്തൂരില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ച മൃതദേഹഭാഗങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. പത്തനംതിട്ടയില്‍ നിന്ന് പ്രതികളുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. ഇലന്തൂരിലെ വീട്ടിലെ തെളിവെടുപ്പ് ഇന്നും തുടരും.
നരബലി നടത്തിയത് ഐശ്വര്യവും സമ്പത്തും ലഭിക്കാനാണെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. കൊച്ചിയില്‍നിന്നു രണ്ട് സ്ത്രീകളെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി അത്രിക്രൂരമായി തലയറുത്ത് കൊല്ലുകയായിരുന്നു. കടവന്ത്ര സ്റ്റേഷന്‍ പരിധിയില്‍ പൊന്നുരുന്നി പഞ്ചവടി കോളനിയില്‍നിന്നു കാണാതായ പത്മം (52) കാലടി സ്വദേശിനി റോസിലി (50) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇരുവരും ലോട്ടറി കച്ചവടക്കാരായിരുന്നു.
Read more
കഴിഞ്ഞ മാസം 27നാണ് കടവന്ത്രയില്‍ നിന്ന് ലോട്ടറി കച്ചവടക്കാരിയായ പത്മത്തെ കാണാതായത്. ഈ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലിടിയിലെ ഒരു സ്ത്രീയേയും ബലി നല്‍കിയെന്ന് തെളിഞ്ഞത്. ഇവരെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ സിഗ്‌നല്‍ പത്തനംതിട്ടയില്‍ കാണിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കൊലപാതവിവരം പുറത്തുവന്നത്. സ്ത്രീകളെ തലയറുത്ത് കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു.