ഇലന്തൂര്‍ നരബലിയില്‍ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. ഡിഎന്‍എ പരിശോധനയില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പത്മയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നടപടി. റോസിലിയുടെ മൃതദേഹാവിശിഷ്ടങ്ങള്‍ രണ്ട് ദിവസത്തിന് ശേഷമായിരിക്കും ബന്ധുക്കള്‍ക്ക് കൈമാറുക.
മൃതദേഹം വിട്ടു കിട്ടാന്‍ വൈകുന്നതിനെതിരെ പത്മയുടെ മകനും ബന്ധുക്കളും മുഖ്യമന്ത്രിക്കും പൊലീസിനും പരാതിയും നല്‍കിയിരുന്നു. മൃതദേഹാവിശിഷ്ടങ്ങള്‍ ഇന്ന് തന്നെ ധര്‍മപുരിയില്‍ കൊണ്ടുപോകുമെന്നും വൈകുന്നേരത്തോടെ സംസ്‌കാരമെന്നും പത്മയുടെ മകന്‍ സെല്‍വരാജ് പറഞ്ഞു.
തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ ഡി.എന്‍.എ. പരിശോധനയിലാണ് മൃതദേഹഭാഗങ്ങള്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയവരുടേത് തന്നെയെന്ന് ഉറപ്പിച്ചത്. ഏതാണ്ട് ഒരു മാസം മുമ്പാണ് മൃതദേഹഭാഗങ്ങളുടെ ഡി.എന്‍.എ. പരിശോധനയ്ക്കയച്ചത്.
ഇലന്തൂരിലെ ഇരട്ട നരബലി ലോകമറിഞ്ഞിട്ട് ഒരു മാസം പിന്നിടുകയാണ്. രണ്ടാം പ്രതിയായ ഭഗവല്‍ സിംഗിന്റെ ഇലന്തൂരിലെ വീട് കേന്ദ്രീകരിച്ചായിരുന്നു സംഭവ വികാസങ്ങള്‍ നടന്നിരുന്നത്. കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹഭാഗങ്ങള്‍. പത്മയുടേത് 56 കഷ്ണങ്ങളാക്കി പലഭാഗത്തായി മറവു ചെയ്ത നിലയിലായിരുന്നു. റോസ്‌ലിയുടെ മൃതദേഹം പല ഭാഗങ്ങളാക്കിയിരുന്നില്ല.
Read more
ലഭിച്ചവയില്‍ മറ്റാരുടെയെങ്കിലും മൃതദേഹ ഭാഗങ്ങളുണ്ടോയെന്ന സംശയം പോലീസിനുണ്ടായിരുന്നു. എന്നാല്‍ ഡി.എന്‍.എ. ഫലം വന്നതോടെ മറ്റാരേയും നരബലി സംഘം ഇലന്തൂരില്‍ കുഴിച്ചിട്ടിട്ടില്ലെന്ന് ഉറപ്പായി.