കോഴിക്കോട് ഏലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ ജിഹാദി പ്രവര്‍ത്തനമാണ് നടന്നതെന്ന് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ഡി വണ്‍ കോച്ചില്‍ തീയിട്ടത് പ്രതി ഷാരൂഖ് സെയ്ഫി ഒറ്റയ്ക്കാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. പെട്രോള്‍ ഒഴിച്ചാണ് പ്രതി ട്രെയിനില്‍ തീയിട്ടത്. കേരളം തിരഞ്ഞെടുത്തത് തിരിച്ചറിയാതിരിക്കാനാണെന്നും കുറ്റപത്രത്തിലുണ്ട്.
കൊച്ചി എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതി ഓണ്‍ലൈന്‍ വഴിയാണ് ജിഹാദി ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്ര ഇസ്ലാമിക പ്രബോധകരെയാണ് പ്രതി ഓണ്‍ലൈനില്‍ പിന്തുടര്‍ന്നിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി ജിഹാദി പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത്.
ഏപ്രിലില്‍ ആയിരുന്നു കോഴിക്കോട് ഏലത്തൂര്‍ വച്ച് ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഷാരൂഖ് സെയ്ഫി യാത്രക്കാര്‍ക്ക് നേരെ തീ കൊളുത്തിയത്. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. മട്ടന്നൂര്‍ സ്വദേശികളായ നൗഫിക്, റഹ്‌മത്ത്, സഹോദരിയുടെ മകള്‍ സഹറ എന്നിവരാണ് കൊല്ലപ്പെട്ടത്.
കോഴിക്കോട് റെയില്‍വേ പൊലീസാണ് ആദ്യം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് കോരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവിനെ തുടര്‍ന്നാണ് കേസ് ഏറ്റെടുത്ത് എന്‍ഐഎ അന്വേഷണം ആരംഭിച്ചത്.