പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപണവുമായി പരാതിക്കാരി. എല്‍ദോസ് സംസ്ഥാനം വിടരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ. എന്നാല്‍ ഇതു ലംഘിച്ച് റായ്പുരില്‍ കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തു എന്നാണ് പരാതിക്കാരി ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്‍ദോസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിക്കും.
പീഡനക്കേസില്‍ തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് എല്‍ദോസിന് ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുത്, പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം.
ജാമ്യ വ്യവസ്ഥയില്‍ കോടതി ഇളവ് നല്‍കിയിട്ടില്ലെന്ന് എംഎല്‍എ തന്നെ സ്ഥിരീകരിച്ചു. അതേസമയം ജാമ്യവ്യവസ്ഥയില്‍ കോടതി ഇളവ് നല്‍കിയിട്ടില്ലെന്നും ഇതിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നുമാണ് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പറയുന്നത്.
കേസില്‍ ഇതുവരെ കുറ്റപത്രം നല്‍കിയിട്ടില്ല. കോടതിയാകട്ടെ ജാമ്യ വ്യവസ്ഥയില്‍ ഇളവും നല്‍കിയിട്ടില്ല. പക്ഷെ എംഎല്‍എ ഇപ്പോഴുള്ളതാകട്ടെ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം നടക്കുന്ന ഛത്തീസ്ഗഡിലെ റായ്പൂരിലും.
പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അദ്ധ്യക്ഷന്റെയും കൂടെ റായ്പൂരില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ എംഎല്‍എ തന്നെ സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.