ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ ട്രോളി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ. ആരോഗ്യ മന്ത്രിയെ അപമാനിച്ചെന്ന് ആരോപിച്ച് എഎന്‍ ഷംസീര്‍ എംഎല്‍എ രംഗത്തെത്തി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഹൈക്കോടതി പ്ലീഡര്‍മാരുടെ പട്ടികയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സഹോദരി വിദ്യാ കുര്യാക്കോസും ഉള്‍പ്പെട്ടിരുന്നു. വീണാ ജോര്‍ജിന്റെ അനിയത്തിയെ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചി തിലൂടെ ആരോഗ്യത്തെക്കാളുപരി കുടുംബക്ഷേമം നോക്കുന്ന മന്ത്രിയാണ് വീണ എന്നായിരുന്നു എല്‍ദോസ് കുന്നപ്പള്ളിയുടെ കമന്റ്.
ഭരണപക്ഷ നിരയില്‍ നിന്ന് ബഹളം വെയ്ക്കുകയും, എ എന്‍ ഷംസീര്‍ ക്രമപ്രശ്‌നം ഉന്നയിക്കുകയായിരുന്നു. ആരോഗ്യമന്ത്രിയുടെ കുടുംബത്തെ അവഹേളിക്കുന്നുവെന്നായിരുന്നു ഷംസീറിന്റെ അവകാശവാദം. എന്നാല്‍ താന്‍ ആരെയും അവഹേളിച്ചില്ലെന്നും, ആരോഗ്യ രംഗത്തോടൊപ്പം കുടുംബക്ഷേമത്തിലും ശ്രദ്ധ പാലിക്കുന്ന മന്ത്രിയുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്നു എന്നുമാണ് എല്‍ദോസിന്റെ മറുപടി. ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെയായിരുന്നു പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ പരാമര്‍ശം.
കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബമെന്നും ഈ ഇമ്പം എല്ലാവര്‍ക്കും ഉണ്ടെന്നുമായിരുന്നു എല്‍ദോസ് കുന്നപ്പള്ളി പറഞ്ഞത്.