തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഇടതുമുന്നണി ഇന്ന് യോഗം ചേര്‍ന്നേക്കും. സംഘടനാ സംവിധാനം പൂര്‍ണമായും ഉപയോഗിച്ചിട്ടും എന്തുകൊണ്ടാണ് കനത്ത തിരിച്ചടി നേരിടേണ്ടി വന്നതെന്ന് പരിശോധിക്കാന്‍ മുന്നണിയിലെ ഓരോ ഘടകകക്ഷികളും തീരുമാനിച്ചിട്ടുണ്ട്. ഇടതുവിരുദ്ധ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍ ഇതിന് പുറമെ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും.
പരാജയത്തെ തുടര്‍ന്ന് സിപിഎമ്മിനെതിരെ സിപിഐയും രംഗത്തെത്തിയിരുന്നു. മണ്ഡലം മനസ്സിലാക്കാതെയാണ് പ്രചാരണം നടത്തിയതെന്നും അമിതാവേശമാണ് തിരിച്ചടിക്ക് കാരണമായതെന്നും സിപിഐ നേതൃത്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയമാണ് സ്വീകരിക്കേണ്ടത് എന്ന് ബിനോയ് വിശ്വവും പ്രതികരിച്ചിരുന്നു.
അതേസമയം യുഡിഎഫ് ക്യാമ്പിലും അപരസ്വരങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഉമ തോമസിന്റെ ഭൂരിപക്ഷം കുറയുമെന്ന് തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പറഞ്ഞ ഡൊമനിക് പ്രസന്റേഷനെതിരെ നടപടി വേണമെന്നാവശ്യപ്പെട് കെ പി സി സി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ്് കെ സുധാകരന് കത്ത് നല്‍കി. എ ഗ്രൂപ്പ് നേതാവായ ഡൊമനിക് പ്രസന്റേഷനെതിരെ എ ഗ്രൂപ്പ് കാരന്‍ തന്നെയായ അബ്ധുള്‍ മുത്തലിബ് കത്ത് നല്‍കിയത് എറണാകുളത്തെ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ പുതുതായി ഉണ്ടാകുന്ന വഴിത്തിരവുകളുടെ സൂചനയാണെന്ന് കരുതപ്പെടുന്നു.
Read more
ഡൊമനിക് പ്രസന്റേഷന്‍ യുഡിഎഫ് എറണാകുളം ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണമെന്നുള്‍പ്പെടെ അബ്ദുള്‍ മുത്തലിബ് ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി പ്രവര്‍ത്തകര്‍ അവരുടെ നീരസം പങ്കുവച്ചിരുന്നു. യുഡിഎഫിന് വോട്ടുകുറയുമെന്ന പ്രസ്താവന ചീഫ് ഇലക്ഷന്‍ ഏജന്റ് കൂടിയായ ഡൊമനിക് പ്രസന്റേഷനില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നെന്നും കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ് പറഞ്ഞു.