കേരളത്തിൽ വൈദ്യുതി പ്രതിസന്ധി അതി രൂക്ഷമാകുന്നതായി റിപ്പോർട്ട്. മഴ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. ഓണം കഴിഞ്ഞും മഴ ലഭിച്ചില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കും എന്നാണ് നിഗമനം.ലോഡ് ഷെഡിങ് വേണോ വേണ്ടയോ എന്ന് 21ന് ചേരുന്ന ഉന്നത തല യോഗത്തിന് ശേഷം അറിയാമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു.
പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോൾ കെഎസ്ഇബി മുന്നോട്ട് പോകുന്നത്. ഇതിലൂടെ പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടം ഉണ്ട്. മഴ കുറഞ്ഞതും പുറത്ത് നിന്നുള്ള മൂന്ന് കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദായതുമാണ് തിരിച്ചടിയായത്.
സർചാർജ് ഉൾപ്പെടെ പരിഗണനയിലുണ്ട്. തിങ്കളാഴ്ച കെഎസ്ഇബി ചെയർമാൻ നൽകുന്ന റിപ്പോർട്ടിന് അനുസരിച്ചാകും സർക്കാരിന്റെ തുടർനടപടി.സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പുമായി നേരത്തെ വൈദ്യുതി മന്ത്രി തന്നെ പ്രതികരിച്ചിരുന്നു.
ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും അതുകൊണ്ട് അധിക വൈദ്യുതി, പണം കൊടുത്തു വാങ്ങേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. സ്ഥിതി തുടർന്നാൽ നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാൻ ആവില്ലെന്നും, നാളത്തെ യോഗത്തിനുശേഷം നിരക്ക് വർദ്ധനയിലുൾപ്പെടെ അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചിരുന്നു.
ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യൂതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഏത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ അശ്രയിച്ചായിരിക്കും എത്ര രൂപയുടെ വർധന ഉണ്ടാകും എന്ന് പറയാനാവുക. അത് റെഗുലേറ്ററി ബോർഡ് ആണ് തീരുമാനിക്കുക. മുൻ വർഷങ്ങളിൽ ഇതേ സമയത്ത് അധിക വൈദ്യുതി പുറമേക്ക് കൊടുത്ത കെ എസ് ഇ ബിയാണ് ഇപ്പോൾ വൈദ്യുതി പണം കൊടുത്ത് വാങ്ങാനൊരുങ്ങുന്നത്.
നിരക്ക് വർദ്ധനക്ക് എതിരെ എച്ച് ടി ഉപഭോക്താക്കളുൾപ്പെടെ ഹൈക്കോടതിയെ സമീപിച്ച് താത്ക്കാലിക സ്റ്റേ നേടിയിരുന്നു. ഈ കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും. സ്റ്റേ നീങ്ങിയാൽ രണ്ടാഴ്ച്ചക്കകം തന്നെ റെഗുലേറ്ററി കമ്മീഷൻ നിരക്കുയർത്തി ഉത്തരവിറക്കും. നേരത്തെ ഫെബ്രുവരിയിലും വൈദ്യുതി നിരക്ക് കൂട്ടിയിരുന്നു. നാല് മാസത്തേക്കായിരുന്നു വർധനവ് ഉണ്ടായത് യുണിറ്റിന് 9 പൈസയുടെ വർധനവായിരുന്നു അന്ന് ഉണ്ടായത്. കഴിഞ്ഞ വർഷവും ജൂണിൽ യൂണിറ്റിന് 25 പൈസ കെ എസ് ഇ ബി കൂട്ടിയിരുന്നു.