സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടി. 6.6 ശതമാനമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പ്രതിമാസം 50 യൂണീറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ട് കണക്ടഡ് ലോഡുളളവര്‍ക്ക് നിരക്ക് വര്‍ദ്ധനയുണ്ടാകില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും നിരക്ക് വര്‍ദ്ധിക്കില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു.
51 മുതല്‍ 150 യൂണീറ്റ് വരെ 25 പൈസയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 100 യൂണീറ്റ് വരെ പ്രതിമാസം 22.50 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 150 യൂണീറ്റുവരെയുള്ളവര്‍ പ്രതിമാസം 47.50 രൂപ കൂടുതല്‍ നല്‍കണം. അതേസമയം മാരക രോഗികളുള്ള വീടുകള്‍ക്ക് ഇളവ് തുടരും. പെട്ടിക്കടകള്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും. അങ്കണവാടികള്‍, വൃദ്ധസദനം അനാഥാലയങ്ങള്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിരക്ക് വര്‍ദ്ധനയുണ്ടാകില്ല.
കാര്‍ഷിക ഉപഭോക്താക്കള്‍ക്കും നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ല. 10 കിലോവാട്ടുവരെ കണക്ടഡ് ലോഡും ചെറുകിട വ്യവസായങ്ങളായ അരി പൊടിക്കുന്ന മില്ലുകള്‍, തയ്യല്‍ ജോലി ചെയ്യുന്നവര്‍, തുണിതേ്ച്ചുകൊടുക്കുന്നവര്‍ തുടങ്ങിയ ചെറുകിട സംരംഭകര്‍ക്കുള്ള വൈദ്യുതി നിരക്കിലുള്ള ആനുകൂല്യവും തുടരും. ഈ വിഭാഗങ്ങള്‍ക്ക് ശരാശരി യൂണിറ്റിന് 15 പൈസയുടെ താരിഫ് വര്‍ദ്ധനായണ് ഉണ്ടാകുക.
പ്രത്യേക സാഹചര്യം പരിഗണിച്ചാണ് 2022-23 വര്‍ഷത്തെ നിരക്ക് വര്‍ദ്ധന. കോവിഡ് സാഹചര്യത്തിലെ ബുദ്ധിമുട്ടുകളടക്കം എല്ലാ കാര്യങ്ങളും പരിഗണിച്ചുകൊണ്ടാണ് നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നും വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കി.