തന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതായി അറിയിച്ച് ടെസ്‌ല മേധാവി ഇലോൺ മസ്ക്. ഈ വർഷാവസാനം തന്നെ ഇന്ത്യ സന്ദർശിക്കാൻ താൻ വളരെയധികം ആഗ്രഹിക്കുന്നുവെന്ന് മസ്ക് വ്യക്തമാക്കി. എക്സിലൂടെയാണ് മസ്ക് ഇക്കാര്യം അറിയിച്ചത്. ടെസ്‌ല നേരിടുന്ന കനത്ത ബാധ്യതകളാണ് ഇന്ത്യ സന്ദർശനം വൈകിപ്പിക്കാൻ കരണമാകുന്നതെന്നാണ് മസ്ക് എക്സിൽ കുറിച്ചിരിക്കുന്നത്.
‘നിർഭാഗ്യവശാൽ, വളരെ ഭാരിച്ച ടെസ്‌ല ബാധ്യതകൾ ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകിപ്പിക്കേണ്ടതുണ്ട്, എന്നാൽ ഈ വർഷാവസാനം സന്ദർശിക്കാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നു’- ഇലോൺ മസ്ക് പറഞ്ഞു.
Unfortunately, very heavy Tesla obligations require that the visit to India be delayed, but I do very much look forward to visiting later this year.
— Elon Musk (@elonmusk) April 20, 2024
നേരത്തെ ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണെന്ന് ഏപ്രിൽ പത്തിന് മസ്ക് എക്സിൽ കുറിച്ചിരുന്നു. ഏപ്രിൽ 21-ന് മസ്ക് ഇന്ത്യയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഏപ്രിൽ 21, 22 തീയതികളിലായിരുന്നു മസ്‌ക് ഇന്ത്യയിൽ സന്ദർശനം നടത്തുമെന്ന് അറിയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനും മസ്ക് തീരുമാനിച്ചിരുന്നു.
അതേസമയം ഇന്ത്യയിൽ ടെസ്‌ല, 2-3 ബില്യൺ ഡോളറിൻ്റെ നിക്ഷേപം പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ടെസ്‌ലയുടെ ഇന്ത്യൻ മാർക്കറ്റിലേക്ക് പ്രവേശനവും സന്ദർശനത്തിൽ പ്രഖ്യാപിക്കാനിരുന്നതാണ്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ സ്പേസ് എക്‌സ് മേധാവികൂടിയായ മാസ്കിന്റെ സന്ദർശനം കേന്ദ്ര സർക്കാർ വലിയ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. ഇന്ത്യയെ ആഗോള ഉത്പാദന കേന്ദ്രമാക്കുമെന്നും പുരോഗതിയിലേക്ക് ഉയർത്തുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് മസ്‌കിൻ്റെ നിക്ഷേപ പ്രഖ്യാപനങ്ങൾ ബലമേകുമെന്ന് ബിജെപിയും പ്രതീക്ഷിച്ചിരുന്നതായാണ് സൂചന.
യുഎസിലെയും ചൈനയിലെയും വിൽപ്പന മാന്ദ്യത്തിനിടയിൽ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ല പുതിയ വിപണികൾ തേടുന്നതായി റിപ്പോർട്ട്. പ്രാദേശികമായി നിക്ഷേപം നടത്തുന്ന കമ്പനികളുടെ ഇറക്കുമതി ചെയ്ത കാറുകൾക്ക് സർക്കാർ നികുതി കുറച്ചതിന് ശേഷം ടെസ്‌ലയ്ക്ക് സാധ്യതയുള്ള വിപണികളിൽ ഒന്നാണ് ഇന്ത്യ. സ്റ്റാർലിങ്കിനും ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള പ്രാരംഭ അനുമതികൾ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇന്ത്യൻ കമ്പനികളിലെ ഓഫ്‌ഷോർ നിക്ഷേപകർക്ക് പ്രവേശന വഴികൾ ഉദാരമാക്കുന്നതിനായി ബഹിരാകാശ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിൽ മാറ്റങ്ങൾ വരുത്തുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.