അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ പൊലീസ് വെടിവെച്ചു കൊന്ന സ്ത്രീയുടെ മൃതദേഹം വ്യാഴാഴ്ച സംസ്കരിക്കും. 23 ദിവസമായി തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കന്യാകുമാരി അളകപ്പപുരം ഇന്ദിര നഗർ അഞ്ചാം തെരുവിൽ സേവ്യറിൻെറ മകൾ അജിത എന്ന രമയുടേതാണെന്നാണ് പൊലീസ് പറയുന്നത്. ഇവരെ തിരിച്ചറിയാൻ ആരും എത്തിയില്ല.
കഴിഞ്ഞദിവസം ഇവരുടെ ബന്ധുക്കളെ തേടി തമിഴ് പത്രങ്ങളിൽ പൊലീസ് പരസ്യം നൽകിയിരുന്നു. ബന്ധുക്കളാരും എത്താത്ത സാഹചര്യത്തിലാണ് പൊലീസ് മൃതദേഹം സംസ്കരിക്കുന്നത്. മൃതദേഹം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് പോരാട്ടം സംഘടന രംഗത്തെത്തിയെങ്കിലും വിട്ടുനൽകാൻ പൊലീസ് തയ്യാറായിട്ടില്ല. മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ പോരാട്ടം പ്രവർത്തകർ അനുമതി തേടിയിട്ടുണ്ടെങ്കിലും പൊലീസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
അജ്ഞാത മൃതദേഹങ്ങളെന്ന നിലയിൽ സംസ്കരിക്കാൻ നീക്കം നടക്കുന്നുവെന്നും മൃതദേഹങ്ങൾ ഏറ്റെടുക്കാതിരിക്കാൻ പൊലീസ് ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ച് പൗരാവകാശ പ്രവർത്തകരായ ഗ്രോ വാസുവും ഷൈനയും മറ്റും രംഗത്ത് വന്നിരുന്നു. മൃതദേഹങ്ങൾ ഏറ്റെടുത്ത് സംസ്കരിക്കാൻ തയാറാണെന്ന് കാണിച്ച് ഇവർ കളക്ടർക്ക് കത്തും നൽകി. ഇത് പരിഗണിച്ചിട്ടില്ല. അന്ത്യോപചാരം അർപ്പിക്കാൻ അനുവാദം വേണമെന്ന ആവശ്യത്തിലും കളക്ടർ തീരുമാനം അറിയിച്ചിട്ടില്ല. ഇതിനിടയിലാണ് സംസ്കാരത്തിന് തീരുമാനം. രാവിലെ ഒമ്പതിന് മെഡിക്കൽ കോളജ് മോർച്ചറിയിൽനിന്ന് എടുത്ത് ഗുരുവായൂരിൽ സംസ്കരിക്കാനാണ് തീരുമാനമെന്ന് പൊലീസ് പറഞ്ഞു.