വയനാട് ദുരിത ബാധിതര്‍ക്ക് പതിനായിരം രൂപ അടിയന്തര ധനസഹായം; പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് പ്രതിദിനം 300രൂപ

വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായ ധനം നല്‍കും. ദുരന്ത ബാധിതര്‍ക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിനാണ് സര്‍ക്കാരിന്റെ അടിയന്തര ധനസഹായം. മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ എല്ലാ ദുരന്ത ബാധിതര്‍ക്കുമായാണ് സഹായ ധനം പ്രഖ്യാപിച്ചിട്ടുള്ളത്.

മുഖ്യമന്ത്രി വാര്‍ത്ത കുറിപ്പിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ജീവിത മാര്‍ഗ്ഗം നഷ്ടപ്പെട്ട കുടുംബങ്ങളിലെ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയ്ക്ക് പ്രതിദിനം 300 രൂപ നല്‍കും. ഇത്തരത്തില്‍ ഒരു കുടുംബത്തിലെ രണ്ട് വ്യക്തികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരോ കിടപ്പുരോഗികളോ ഉള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യം മൂന്ന് പേര്‍ക്ക് ലഭിക്കും.

Read more

ഒരു മാസത്തേക്കാണ് സര്‍ക്കാര്‍ സഹായ ധനം നല്‍കുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഓരോ കുടുംബത്തിനും പതിനായിരം രൂപ അടിയന്തര ധനസഹായമായി നല്‍കും. ദുരതബാധിതര്‍ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ മാറാന്‍ കഴിയും വിധമുള്ള താമസ സൗകര്യം ഒരുക്കാനാകുമോ എന്നതില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വാടക നിശ്ചയിച്ച് അനുവദിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.