'ഒരു യുഗത്തിന്റെ അവസാനം'; എംടിക്ക് വിടചൊല്ലാൻ കേരളം, അന്ത്യോപചാരം അർപ്പിച്ച് ആയിരങ്ങൾ

മലയാളസാഹിത്യത്തിൻ്റെ ശില്പിയായി വാഴ്ത്തപ്പെട്ട എം.ടി.വാസുദേവൻ നായർക്ക് അന്ത്യോപചാരം അർപ്പിക്കാൻ കോഴിക്കോട് നടക്കാവിലെ ‘സിതാര’യില്‍ എത്തിയത് ആയിരങ്ങൾ. തങ്ങളുടെ പ്രിയപ്പെട്ട ആ എഴുത്തുകാരനെ ഒരുനോക്ക് കാണാൻ നിരവധി പേരാണ് ഒഴുകിയെത്തുന്നത്. ആളുകളുടെ തിരക്ക് പരിഗണിച്ച് അനുശോചനം അർപ്പിക്കാനുള്ള സമയം 4 മണി വരെ നീട്ടി. ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് ശ്മശാനത്തിൽ വൈകിട്ട് അഞ്ച് മണിക്കാണ് സംസ്കാരം നടക്കുക.

മലയാള സിനിമ, സാംസ്കാരിക രംഗത്തെ നിരവധി പേരാണ് എംഡിയെ അവസാനമായി കാണാനെത്തിയത്. സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുളളവര്‍ എംടിക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു. എംടിക്ക് ആദരം അര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തെ ആശ്വസിപ്പിച്ചു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്‍റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞു.

ശ്യാമ പ്രസാദ് എംടിയുടെ മരണം തീരാനഷ്ടമാണെന്ന് സംവിധായകൻ ശ്യാമപ്രസാദ് എംടിയുടെ വിയോഗത്തിൽ അനുസ്‌മരിച്ചു. അടുത്ത കാലത്ത് ആണ് ഒന്നിച്ച് പ്രവർത്തിക്കാൻ ആയത്. വല്ലാത്ത അനുഭവമായിരുന്നു അതെന്നും ശ്യാമപ്രസാദ് പറഞ്ഞു. അതേസമയം എന്നെ സംബന്ധിച്ച് കാരണവരാണ് എംടിയെന്നും അച്ഛനോടൊപ്പം വിക്ടോറിയ കോളേജിൽ ഒന്നിച്ച് പഠിച്ച ആളാണ് എം ടി എന്നും ശ്യാമപ്രസാദ് അനുസ്മരിച്ചു.

എം ടി ഇല്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് വൈശാലിയിലെ നായിക സുപർണ്ണ ആനന്ദ് പറഞ്ഞു. ചെറിയ കാലമേ എം ടിക്കൊപ്പം പ്രവർത്തിക്കാനായുള്ളു. പകർന്നു തന്ന പാഠങ്ങൾ വിലമതിക്കാനാവാത്തതെന്നും സുപർണ്ണ ആനന്ദ് പറഞ്ഞു. ബുധനാഴ്ച രാത്രിയോടെയാണ് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വച്ച് എംടി അന്തരിച്ചത്. കഠിനമായ ശ്വാസതടസ്സം കാരണം ആരോഗ്യം വഷളായതിനെ തുടർന്ന് ഡിസംബർ 16 ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. എം ടിയെ ആദരിക്കുന്നതിനായി കേരള സർക്കാർ വ്യാഴം, വെള്ളി എന്നിവ ഔദ്യോഗിക ദുഃഖാചരണമായി പ്രഖ്യാപിച്ചു.