കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് നിരവധി തവണ വിളിപ്പിച്ചിട്ടും ഹാജരാകാത്തതിനാലാണ് വ്യവസായി ഗോകുലം ഗോപാലനെ സമന്‍സ് അയച്ച് വിളിപ്പിച്ചതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിരവധി തവണ ആവശ്യപ്പെട്ടു.
എന്നാല്‍, ഇതിന് അനുകൂല പ്രതികരണം ഗോഗുലം ഗോപാലന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. സമന്‍സ് നല്‍കിയതോടെയാണ് അദേഹം ഇന്നലെ ഹാജരായതെന്നും ഇഡി വ്യക്തമാക്കി. ഇന്നലെയും ഹാജരായില്ലെങ്കില്‍ അദേഹത്തിനെതിരെ കടത്ത നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നുവെന്നും ഇഡി അറിയിച്ചു.
അതേസമയം, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി ഗോകുലം ഗോപാലന്‍ രംഗത്തെത്തി. കരുവന്നൂര്‍ കേസുമായി തനിക്കു നേരിട്ടു ബന്ധമില്ലെന്നും തന്റെ കസ്റ്റമര്‍ അനില്‍കുമാറുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ ചോദ്യംചെയ്യലെന്നു ഗോകുലം ഗോപാലന്‍ വ്യക്തമാക്കി.
അനില്‍ കുമാര്‍ എന്തോ തെറ്റു ചെയ്തുവെന്നും അനില്‍കുമാറിന്റെ ഡോക്യുമെന്റുകള്‍ തന്റെ കൈവശമാണ് ഉള്ളതെന്നും ഗോകുലം ഗോപാലന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാവിലെയാണു ഗോകുലം ഗോപാലനെ ഇ.ഡി. കൊച്ചി ഓഫീസിലേക്കു വിളിച്ചു വരുത്തിയത്. ഡെയ്ലി ഡെപ്പോസിറ്റ് സ്‌കീമുമായി ബന്ധപ്പെട്ടു നാലു കോടിയുടെ ഇടപാട് അദ്ദേഹത്തിനുണ്ട്.
ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ഇ.ഡി. രേഖകള്‍ ഹാജരാക്കാന്‍ ആദ്യം ആവശ്യപ്പെട്ടത്. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും തയാറാകാത്ത സാഹചര്യത്തിലാണ് സമന്‍സ് അയച്ച് വിളിപ്പിച്ചത്.