സി. എം രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടീസ് ; 10- ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിര്‍ദേശം

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്.  ഈ മാസം 10-ന് കൊച്ചിയില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. മൂന്നാം തവണയാണ് ഇ. ഡി നോട്ടീസ് നല്‍കുന്നത്.

നേരത്തെ രണ്ട് തവണ ഇഡി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. നവംബര്‍ ആറിനാണ് ഇ.ഡി അദ്ദേഹത്തിന് ഹാജരാകാന്‍ ആദ്യം നോട്ടീസ് നല്‍കുന്നത്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രവീന്ദ്രന് ശിവശങ്കറുമായി അടുത്ത ബന്ധമുണ്ട് എന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. രണ്ടാമത്തെ തവണ ചോദ്യം ചെയ്യലിനെത്താന്‍ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകിയിരുന്നെങ്കിലും കോവിഡാനന്തര അസുഖങ്ങളെന്ന പേരിൽ അദ്ദേഹം ആശുപത്രിയിൽ പ്രവേശിച്ചു. തുടർന്ന് സിപിഎം ഇടപെട്ടെന്നും ഗുരുതര പ്രശ്നങ്ങളില്ലെങ്കിൽ എത്രയും പെട്ടന്ന്   ഹാജരാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Read more

നേരത്തെ രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും രവീന്ദ്രന്‍ ഹാജരാകാതിരുന്നത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ പലർക്കും സ്വർണക്കടത്തിനെ കുറിച്ച് അറിയാമായിരുന്നുവെന്നാണ് സ്വപ്ന ഇ.ഡിക്ക് നൽകിയ മൊഴി. ഇതിന് പിന്നാലെയാണ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയത്. പിന്നാലെ ഉന്നതരുടെ പേര് പറയാൻ അന്വേഷണഏജൻസികൾ നിർബന്ധിക്കുന്നുവെന്ന സ്വപ്നയുടെ ശബ്ദരേഖ പുറത്ത് വന്നു. ശിവശങ്കറും സമാനമായ ആരോപണം അന്വേഷണ ഏജൻസികൾക്കെതിരെ എഴുതി നൽകിയിട്ടുണ്ട്.