കള്ളപ്പണ ഇടപാടുകള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അങ്കമാലിയിലെ മൂലന്‍സ് ഇന്റര്‍നാഷനല്‍ എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് ഉടമകളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മൂലന്‍സ് ഗ്രൂപ്പ് ഉടമകളുടെ പേരിലുള്ള 40 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് ഇഡി നിര്‍ദേശിച്ചിരിക്കുന്നത്.
നിയമവിരുദ്ധമായി സൗദി അറേബ്യയിലെ കമ്പനിയിലേക്കു പണം കടത്തിയതുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണു ഈ നടപടി. വിദേശനാണ്യ വിനിമയചട്ടം (ഫെമ) ലംഘിച്ചാണ് സൗദിയില്‍ ഇവര്‍ക്ക് 75 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്‌പൈസ് സിറ്റി ട്രേഡിങ് കമ്പനിയിലേക്കു പണം കടത്തിയത് എന്നാണ് ഇ.ഡി കണ്ടെത്തല്‍.മൂലന്‍സ് ഗ്രൂപ്പിന്റെ 40 കോടിയുടെ വസ്തുവകകള്‍ കണ്ടുകെട്ടാന്‍ കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍ കെ മോഷയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മൂലന്‍സ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ജോസഫ് മൂലന്‍, ഡയറക്ടര്‍മാരായ സാജു മൂലന്‍ ദേവസി, ജോയ് മൂലന്‍ ദേവസി, ആനി ജോസ് മൂലന്‍, ട്രീസ കാര്‍മല്‍ ജോയ്, സിനി സാജു എന്നിവരുടെ പേരില്‍ അങ്കമാലി, കൊല്ലങ്കോട്, ആലുവ, പെരുമ്പാവൂര്‍, ചാലക്കുടി എന്നീ സബ് റജിസ്ട്രാര്‍ ഓഫിസുകളുടെ പരിധിയില്‍ വരുന്ന വസ്തുവകകളാണു പിടിച്ചെടുക്കുന്നത്.
ഇവയുടെ വില്‍പ്പനയും കൈമാറ്റവും നടത്താന്‍ അനുവദിക്കരുതെന്ന ഉത്തരവും ഇഡി സബ് റജിസ്ട്രാര്‍മാര്‍ക്കു കഴിഞ്ഞ ദിവസം കൈമാറിയിട്ടുണ്ട്. വിജയ് കറി പൗഡറുകളും മൂലന്‍സ് സൂപ്പര്‍മാര്‍ക്കറ്റുകളുമായി ചേര്‍ന്ന് വിപുലമായ ബിസനസ് സാമ്രാജ്യമാണ് മൂലന്‍സ് ഇന്റര്‍നാഷനല്‍ എക്‌സിം പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ളത്.