റോഡുകള്‍ നശിക്കുന്നു; തടി ലോറികളില്‍ അമിത ഭാരം ഒഴിവാക്കണം; പെരുമ്പാവൂരിലെ മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ

പെരുമ്പാവൂര്‍ -മുവാറ്റുപുഴ മേഖലയില്‍ എം സി റോഡിലെയും പരിസര പ്രദേശങ്ങളിലെയും പ്ലൈവുഡ് മില്ലുകളിലേക്കു മറ്റ് ജില്ലകളില്‍ നിന്ന് തടി കയറ്റി വരുന്ന വാഹനങ്ങള്‍ അമിത ഭാരവും അപകടകരമായ വിധത്തില്‍ ലോറിക്കു പുറത്തേക്കു തടികള്‍ തള്ളി നില്‍ക്കുന്നതും ഒഴിവാക്കണമെന്നു എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ. കോതമംഗലം പെരുമ്പാവൂര്‍, -മൂവാറ്റുപുഴ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന പ്ലൈവുഡ് കമ്പനികളിലേക്കായി ദിവസവും തടിയുമായി എം സി റോഡ് വഴി അഞ്ഞൂറിലധികം ഭാരവാഹനങ്ങള്‍ എത്തുന്നുണ്ട്.

ഇവ പെരുമ്പാവൂരിലെ മാര്‍ക്കറ്റുകളിലെ വെയ്ബ്രിഡ്ജുകളില്‍ തൂക്കം നോക്കി വില നിശ്ചയിച്ചു കഴിഞ്ഞ ശേഷമാണു കമ്പനികളില്‍ എത്തുന്നത്. ഈ വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ പുറത്തേക്കു തള്ളി നില്‍ക്കുന്നതും അമിതഭാരം കയറ്റുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ആര്‍ടിഒയുടെ നിര്‍ദേശം. വാഹനത്തില്‍ ലോഡ് കയറ്റുമ്പോള്‍ ഇവ സുരക്ഷിതമായി പരിചയ സമ്പത്ത് ഉള്ളവരെ കൊണ്ട് ബലമുള്ള കയറുകളാല്‍ ബന്ധിച്ചു സുരക്ഷിതമാക്കണം. കയറുകള്‍ വാഹനത്തിന്റെ അരികുകളില്‍ ഉരഞ്ഞു പൊട്ടുന്നത് ഒഴിവാക്കാന്‍ ഇടയ്ക്കിടെ വാഹനം നിര്‍ത്തി പരിശോധിക്കണം. തടി കയറ്റി വരുന്ന വാഹനങ്ങള്‍ റോഡില്‍ വലിയ തിരക്കുള്ള സമയം ഒഴിവാക്കണം.

ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് പോലെ ഈ വാഹനങ്ങള്‍ക്കും സമയ നിയന്ത്രണം ഏര്‍പ്പെടുത്താവുന്നതുമാണ്. വാഹനത്തിന്റെ കാബിന്‍ ലെവലില്‍ മുകളിലേക്കും വശങ്ങളിലേക്കും തടി തള്ളി നില്‍ക്കുന്നത് ഒഴിവാക്കണം. വാഹനം കുഴികളില്‍ ചാടുമ്പോഴും ബ്രേക്ക് ചെയ്യുമ്പോഴും അമിതമായി ഉലയുകയും ബാലന്‍സ് നഷ്ടപ്പെടാനും കെട്ടു പൊട്ടാനും സാധ്യത കൂടുതലാണ്.

വാഹനങ്ങളുടെ വശങ്ങളില്‍ വാണിംഗ് ലൈറ്റുകളും റിഫ്‌ളക്ടീവ് സ്റ്റിക്കറുകളും സ്ഥാപിച്ചു സുരക്ഷ ഉറപ്പു വരുത്തണം. വിവിധ പഞ്ചായത്തുകളില്‍ നിന്നും തടി കയറ്റി വരുന്ന വാഹനങ്ങള്‍ മൂലം പഞ്ചായത്ത് റോഡ് തകരുകയും വൈദ്യുതി കമ്പികള്‍ പൊട്ടുകയും മറ്റ് നാശ നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നതായി പരാതികള്‍ ലഭിക്കുന്നു. ഭാര വാഹനങ്ങള്‍ ചെറിയ റോഡുകള്‍ ഒഴിവാക്കി സഞ്ചരിക്കണം. ഡ്രൈവര്‍ക്ക് പുറമേ ഒരു സഹായി കൂടി ഈ വാഹനങ്ങളില്‍ ഉറപ്പാക്കണം. വാഹനങ്ങളുടെ അറ്റകുറ്റ പണികള്‍ യഥാസമയം നിര്‍വഹിച്ചിട്ടുണ്ടെന്നും ടയറുകള്‍ നിലവാരമുള്ളതാണെന്നും ഉടമകള്‍ ഉറപ്പാക്കണം.

Read more

പരിചയ സമ്പന്നരായ ഡ്രൈവര്‍മാരെ വാഹനങ്ങളില്‍ നിയോഗിക്കേണ്ടതും ഇവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. ദൂര സ്ഥലങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് മതിയായ ഉറക്കം ലഭിച്ചു എന്ന് ഉറപ്പു വരുത്തേണ്ടതും ക്ഷീണം തോന്നുകയാണെങ്കില്‍ വാഹനം റോഡില്‍ നിന്നും മാറ്റി നിര്‍ത്തി ക്ഷീണം ഒഴിവാക്കിയതിനു ശേഷം യാത്ര തുടരേണ്ടതുമാണ്. അമിതഭാരം കയറ്റുന്നത് ഒഴിവാക്കുന്നതിലൂടെ വാഹനത്തിന്റെയും റോഡുകളുടെയും സുരക്ഷയും നിലനില്‍പ്പം ഉറപ്പാക്കുന്നുവെന്നും ആര്‍ടിഒ അറിയിച്ചു.