സിനിമയെന്ന തൊഴിലിടത്തിൽ യാതൊരു തരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾക്കോ ലിംഗ വിവേചനങ്ങൾക്കോ ഇടയില്ലാത്ത വിധം എല്ലാവർക്കും സുരക്ഷയും തുല്യതയും ഉറപ്പുവരുത്തുന്ന അനുയോജ്യമായ ഒരന്തരീക്ഷം ഉണ്ടാകണം എന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് ഡബ്ല്യു.സി.സി. തൊഴിലിടങ്ങൾ വൃത്തിഹീനവും, പ്രൊഫെഷനലും അല്ലാതാകുന്ന സാഹചര്യങ്ങളിൽ, പ്രായോഗികമായ തീരുമാനങ്ങളിലൂടെ അതു പരിഹരിച്ചുകൊണ്ട് ഒരുമിച്ച് മുന്നോട്ട് പോകാനാണ് സിനിമയുടെ ഭാഗമെന്ന നിലയില്‍ തങ്ങള്‍ ശ്രമിക്കുന്നതെന്നും ഡബ്ല്യു.സി.സി ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണരൂപം:
സിനിമയെന്ന മാധ്യമത്തെ ഹൃദയത്തോട് ചേർത്തുകൊണ്ട് ഞങ്ങൾ ഇവിടെത്തന്നെ ഉണ്ടാകും. ആക്ഷനും കട്ടിനും ഇടയിൽ സംഭവിക്കുന്ന ജീവൻ തുടിക്കുന്ന നിമിഷങ്ങൾ ഞങ്ങൾക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്…അമൂല്യമാണ്! ചിരിയുടെയും കണ്ണീരിന്റെയും പല ഭാവങ്ങളിലൂടെ പ്രേക്ഷകരെ യാത്ര ചെയ്യിപ്പിക്കുന്ന ഈ സ്വപ്നതുല്യമായ മാധ്യമത്തോട് ഞങ്ങൾക്ക് ഒടുങ്ങാത്ത സ്നേഹമാണ് പ്രതിബദ്ധതയാണ്.
‘മലയാള സിനിമ’ കണ്ടു വളർന്ന പ്രേക്ഷകരെന്ന നിലയിലും, വ്യത്യസ്ത രീതികളിൽ അതിന്റെ ഭാഗമാകുന്നവർ എന്ന നിലയിലും, ഈ ഒരു മാധ്യമത്തോടൊപ്പം ഇനിയും ഏറെ ദൂരം സഞ്ചരിക്കണം എന്ന് തന്നെയാണ് സിനിമയെ സ്നേഹിക്കുന്ന എല്ലാവരെയും പോലെ തന്നെ ഞങ്ങൾക്കും ആഗ്രഹിക്കുന്നത്… അതിനു വേണ്ടി പ്രവർത്തിക്കുന്നത്.
സിനിമയെന്ന തൊഴിലിടത്തിൽ യാതൊരു തരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾക്കോ, ലിംഗ വിവേചനങ്ങൾക്കോ ഇടയില്ലാത്ത, എല്ലാവർക്കും സുരക്ഷയും തുല്യതയും ഉറപ്പുവരുത്തുന്ന അനുയോജ്യമായ ഒരന്തരീക്ഷം ഉണ്ടാകണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നമ്മുടെ തൊഴിലിടങ്ങൾ വൃത്തിഹീനവും, പ്രൊഫെഷനലും അല്ലാതാകുന്ന സാഹചര്യങ്ങളിൽ, പ്രായോഗികമായ തീരുമാനങ്ങളിലൂടെ അതു പരിഹരിച്ചുകൊണ്ട് ഒരുമിച്ച് മുന്നോട്ടേക്ക് തന്നെ നടക്കാൻ ആണ് ഈ മാധ്യമത്തിന്റെ പല കണ്ണികളായ ഓരോരുത്തരും ശ്രമിക്കുന്നത്.
നന്ദി!