മുന്‍ എല്‍ഡിഎഫ് കണ്‍വീനറായിരുന്ന ഇപി ജയരാജന്‍ തലവേദനയും ഛര്‍ദിയുമായി കിടപ്പില്‍. സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ കണ്ണൂരിലെ വീട്ടിലെത്തിയ അദേഹം കിടപ്പിലാണ്. ഇന്നലെ രാവിലെ മുതല്‍ അരോളിയിലെ വീട്ടുപരിസരത്ത് കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകരോട് ഒരു വാക്ക് പോലും സംസാരിക്കാന്‍ അദേഹം തയാറായില്ല.
ഇന്നലെ രാവിലെ 8.45ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇ.പി 10 മണിയോടെ വീട്ടിലെത്തിയെങ്കിലും മാധ്യമങ്ങളോടു പ്രതികരിച്ചില്ല. തുടര്‍ന്ന് ‘ഒന്നും പറയാനില്ല, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വിളിക്കാം’ എന്നു പറഞ്ഞ് അദ്ദേഹം അകത്തേക്കു പോയി. ഉച്ചവരെ മാധ്യമപ്രവര്‍ത്തകര്‍ കാത്തുനിന്നെങ്കിലും പുറത്തുവരാനോ പ്രതികരിക്കാനോ തയാറായില്ല.
ഇ.പി തലവേദനയും ഛര്‍ദിയുമായി കിടക്കുകയാണെന്നും സംസാരിക്കുമ്പോള്‍ ഒച്ചയടപ്പുള്ളതിനാല്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പോലും കഴിയില്ലെന്നുമാണു വീട്ടുകാര്‍ പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.
ഇ.പിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു നീക്കിയ വിവരം തിരുവനന്തപുരത്ത് എം.വി.ഗോവിന്ദന്‍ സ്ഥിരീകരിച്ചതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ വൈകിട്ട് നാലോടെ വീണ്ടും വീട്ടിലെത്തിയെങ്കിലും കാണാന്‍ കൂട്ടാക്കിയില്ല. ഉറക്കം ശരിയാകാത്തതിന്റെ അസ്വസ്ഥതകളും ഛര്‍ദിയും കാരണം ഇപി കിടക്കുകയാണെന്നാണ് ഗണ്‍മാന്‍ മാധ്യമങ്ങളെ അറിയിച്ചത്. ശാരീരിക ബുദ്ധിമുട്ടുകള്‍ കൊണ്ട് ഇന്നത്തെ പൊതുപരിപാടികളും ഇപി ജയരാജന്‍ റദ്ദാക്കിയിട്ടുണ്ട്.