ഇ പി ജയരാജന്റെ ആത്മകഥ വിവാദം; എ വി ശ്രീകുമാറിന് മുൻകൂർ ജാമ്യം, കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി

സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിലെ കേസില്‍ എ വി ശ്രീകുമാറിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. മുൻകൂർ ജാമ്യം നൽകാം, പക്ഷേ പരാതിക്കാരനെ അപമാനിച്ചു എന്നത് വസ്തുതയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു.

ഡിസി ബുക്സ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ എ വി ശ്രീകുമാർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. എഡിറ്റോറിയൽ കമ്മിറ്റി തെറ്റ് ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുന്നുണ്ടോയെന്ന് ശ്രീകുമാറിനോട് ഹൈക്കോടതി ചോദിച്ചു. ഒരു വ്യക്തിയെ അപമാനിക്കുകയായിരുന്നു ഡിസി ബുക്സെന്നും ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് പരാതിക്കാരനെ അപമാനിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നും കോടതി വിമര്‍ശിച്ചു.

ഡി സി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവിയാണ് എ വി ശ്രീകുമാർ. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ചെയ്തതെല്ലാം ജോലി സംബന്ധമായ കാര്യങ്ങളാണെന്നും എ വി ശ്രീകുമാർ ഹർജിയിൽ പറഞ്ഞിരുന്നു. പ്രസിദ്ധീകരണത്തിനായി ലഭിക്കുന്ന പുസ്തകങ്ങള്‍ പരിശോധിക്കുക മാത്രമാണ് തന്റെ ചുമതല. ദേശാഭിമാനിയുടെ കണ്ണൂര്‍ ബ്യൂറോ ചീഫ് ആണ് പുസ്തകത്തിന്റെ ഭാഗങ്ങള്‍ തനിക്ക് നല്‍കിയതെന്നും നിര്‍വ്വഹിച്ചത് എഡിറ്റോറിയല്‍ ഡ്യൂട്ടി മാത്രമാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ലഭിച്ചത് പ്രസിദ്ധീകരണത്തിനായി നല്‍കുക മാത്രമാണ് ചെയ്തതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എ വി ശ്രീകുമാർ പറഞ്ഞിരുന്നു.