ഇപി ജയരാജന്റെ ആത്മകഥാ വിവാദം; ഡിസി ബുക്സിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സിപിഐഎം നേതാവും മുൻ എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജന്റെ ആത്മകഥാ വിവാദ കേസില്‍ ഡിസി ബുക്സിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡിസി ബുക്സ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ എ വി ശ്രീകുമാർ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ചെയ്തതെല്ലാം ജോലി സംബന്ധമായ കാര്യങ്ങളാണെന്നും എ വി ശ്രീകുമാർ ഹർജിയിൽ പറയുന്നു.

പ്രസിദ്ധീകരണത്തിനായി ലഭിക്കുന്ന പുസ്തകങ്ങള്‍ പരിശോധിക്കുക മാത്രമാണ് തന്റെ ചുമതല. ദേശാഭിമാനിയുടെ കണ്ണൂര്‍ ബ്യൂറോ ചീഫ് ആണ് പുസ്തകത്തിന്റെ ഭാഗങ്ങള്‍ തനിക്ക് നല്‍കിയതെന്നും നിര്‍വ്വഹിച്ചത് എഡിറ്റോറിയല്‍ ഡ്യൂട്ടി മാത്രമാണെന്നും ഹർജിയിൽ പറയുന്നു. ലഭിച്ചത് പ്രസിദ്ധീകരണത്തിനായി നല്‍കുക മാത്രമാണ് ചെയ്തതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എ വി ശ്രീകുമാർ പറയുന്നു.

അതേസമയം എ വി ശ്രീകുമാര്‍ നല്‍കിയ ഹര്‍ജിയിലും കോട്ടയം ഈസ്റ്റ് പൊലീസ് ഇന്ന് മറുപടി നല്‍കും. എ വി ശ്രീകുമാറിന്റെ അറസ്റ്റും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലും അനിവാര്യമാണെന്നാണ് പൊലീസിന്റെ നിലപാട്. കോട്ടയം ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാംപ്രതിയാണ് എവി ശ്രീകുമാര്‍. ബിഎന്‍എസ് നിയമം അനുസരിച്ച് വിശ്വാസ വഞ്ചന, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് കോട്ടയം ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചുമത്തിയത്.