ബിഷപ്പ് ഹൗസിനകത്ത് പ്രതിഷേധിച്ച ആറ് വൈദികരെ സിനഡ് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ ബിഷപ് ബോസ്‌കോ പുത്തൂര്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് സൂചന. എറണാകുളം- അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ബോസ്‌കോ പുത്തൂര്‍ സിനഡിനെ രാജിസന്നദ്ധത അറിയിച്ചതായാണ് പുറത്തുവരുന്ന വിവരം.
നിരാഹാരമിരുന്ന വൈദികരെ പൊലീസ് വലിച്ചിഴച്ചതില്‍ പ്രതിഷേധം തുടരുന്നുണ്ട്. ഇതിനിടെ ബിഷപ്പ് ഹൗസിനകത്ത് പ്രതിഷേധിച്ച ആറ് വൈദികരെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. 15 വൈദികര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ സമരം ചെയ്ത ആറ് വൈദികര്‍ക്ക് കുര്‍ബാന വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ബിഷപ് ബോസ്‌കോ പുത്തൂര്‍ രാജി സന്നദ്ധത അറിയിച്ചതോടെ വത്തിക്കാനില്‍നിന്ന് അനുമതി ലഭിച്ചാല്‍ ശനിയാഴ്ച തന്നെ പുതിയ അഡ്മിനിസ്‌ട്രേറ്ററെ പ്രഖ്യാപിച്ചേക്കും. ബോസ്‌കോ പുത്തൂര്‍ പ്രായം കണക്കിലെടുത്താണ് രാജിസന്നദ്ധത അറിയിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ബോസ്‌കോ പുത്തൂരിന്റെ ആവശ്യം സിനഡ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേയും മാര്‍ ബോസ്‌കോ പുത്തൂര്‍ സിനഡില്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു. ജോസഫ് പ്ലാംപാനിയ്ക്കാണ് പുതിയ ചുമതലയെന്നും റിപ്പോര്‍ട്ടുകളുണ്ട്.