എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമതന്‍മാരെ തള്ളി വത്തിക്കാന്‍. ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ അതിരൂപതയ്ക്ക് അവകാശമുണ്ടെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.മേജര്‍ ആര്‍ച്ച്ബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും ചേര്‍ന്ന് 2024 ജൂണ്‍ ഒമ്ബതിന് പുറപ്പെടുവിച്ച സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ക്കെതിരേ, അതിരൂപതയിലെ ഏതാനും വൈദികര്‍ നല്‍കിയ പരാതി തള്ളിക്കൊണ്ടാണ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്.
ഇതുസംബന്ധിച്ച അറിയിപ്പ് മേജര്‍ ആര്‍ച്ച്ബിഷപ്പിന് ഇന്ത്യയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി കൈമാറി. കുര്‍ബാനയര്‍പ്പണത്തിന്റെ ഏകീകൃതരൂപം നടപ്പാക്കുന്നതു സംബന്ധിച്ച് മാര്‍പാപ്പയുടെയും സിനഡിന്റെയും നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരേ നടപടി സ്വീകരിക്കാമെന്നും കത്തിലൂടെ അറിയിച്ചിട്ടുണ്ട്.
ഏകീകൃത കുര്‍ബാന സംബന്ധിച്ച് മാര്‍പാപ്പയുടെയും സിനഡിന്റെയും നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ കത്തോലിക്കാസഭയുടെ കൂട്ടായ്മയില്‍നിന്ന് ബഹിഷ്‌കരിക്കപ്പെടുന്നതിന് ഇടവരുത്തും. അതിനാല്‍, ഇതുവരെ അനുസരിക്കാത്തവര്‍ക്കുള്ള അന്ത്യശാസനം ഈ സര്‍ക്കുലറിലൂടെ നല്‍കുന്നു. ഇനിയും അനുസരിക്കാത്തവര്‍ക്ക് സഭയില്‍ നിന്നും പുറത്തുപോകാമെന്ന സന്ദേശവും വത്തിക്കാന്‍ നല്‍കി. ഏകീകൃത കുര്‍ബാനയര്‍പ്പണം ആരംഭിക്കാത്ത സീറോമലബാര്‍ സഭാവൈദികരെല്ലാം കത്തോലിക്കാസഭയില്‍നിന്ന് സ്വയമേ പുറത്തുപോയവരായി കണക്കാക്കപ്പെടും. അവര്‍ക്ക് കത്തോലിക്കാസഭയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തുമെന്നും വത്തിക്കാന്‍ വ്യക്തമാക്കി.