എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ് ഐഎസിനെ സ്ഥലം മാറ്റി. ഉമേഷ് എന്‍ എസ് കെ ആണ് പുതിയ എറണാകുളം ജില്ലാ കളക്ടര്‍. രേണു രാജിനെ വയനാട്ടിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ബ്രഹ്ണപുരം വിഷയത്തില്‍ കളക്ടറുടെ നിലപാടിനെ ഇന്നലെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് എത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നു രാവിലെ സര്‍ക്കാര്‍ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്.
ബ്രഹ്‌മപുരം തീപിടിത്തത്തില്‍ ഇന്നലെ ഹൈക്കോടതി നിലപാട് കടുപ്പിച്ചിരുന്നു. ബ്രഹ്‌മപുരത്തെ അഗ്നിബാധ മനുഷ്യ നിര്‍മ്മിതമാണേയെന്ന് ആരാഞ്ഞ ഹൈക്കോടതി, ജില്ല കലക്ടര്‍, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ ഇന്നു കോടതിയില്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിട്ടു. കൃത്യമായ മറുപടിയില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കിയിലരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം എന്നുള്ളതും ശ്രദ്ധേയമാണ്.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, കളക്ടര്‍, കോര്‍പറേഷന്‍ സെക്രട്ടറി എന്നിവര്‍ ഇന്നലെ ഉച്ചയ്ക്കു 1.45ന് ഹാജരാകണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കളക്ടര്‍ ഹാജരായില്ല. ഇതിന്റെ അതൃപ്തിയും ഹൈക്കോടതി അറിയിച്ചു. ദുരന്തനിവാരണ ചുമതലയുള്ള ഉദ്യോഗസ്ഥയാണ് കളക്ടറുടെ പ്രതിനിധിയായി കോടതിയില്‍ എത്തിയത്. കളക്ടര്‍ ഇന്നു ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.
വിഷപ്പുക നഗരത്തില്‍ പടരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് നല്‍കിയ കത്തിനെ തുടര്‍ന്ന് ഹൈകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കൊച്ചി നഗരസഭ എന്നിവരാണ് ഹരജിയിലെ എതിര്‍ കക്ഷികള്‍. ബ്രഹ്‌മപുരം വിഷയത്തില്‍ കോര്‍പറേഷന്‍ ഇന്നുതന്നെ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.