സി.പി.ഐ മാര്‍ച്ചിനിടെ ഉണ്ടായ ലാത്തിച്ചാര്‍ജിനു നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും. പ്രധാന ഘടക കക്ഷിയുടെ എം. എല്‍.എയ്ക്കും ജില്ലാ സെക്രട്ടറിക്കും നേരെ പൊലീസ് അക്രമം ഉണ്ടായ പശ്ചാത്തലത്തില്‍ നടപടിയെടുക്കാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍. കാനം രാജേന്ദ്രന്റെ മൗനം ഇതിനോടകം തന്നെ വിമര്‍ശന വിധേയമായ സാഹചര്യത്തില്‍ മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പ് വരുത്തേണ്ട ബാധ്യത സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റേത് കൂടിയായിട്ടുണ്ട്.
സര്‍ക്കാരിന്റെ ഭാഗമായ എം.എല്‍.എയ്ക്ക് അടക്കം പൊലീസ് നടപടി നേരിടേണ്ടി വന്നിട്ടും സി.പി.ഐ സംസ്ഥാന നേതൃത്വം പ്രതികരണങ്ങളില്‍ മിതത്വം പാലിക്കുന്നതില്‍ ജില്ലാ നേതാക്കള്‍ക്കും, പ്രദേശിക നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. വിമര്‍ശനങ്ങള്‍ കടുത്തു വരുന്ന പശ്ചാത്തലത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ അടക്കമുള്ളവരെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന സമ്മര്‍ദ്ദം സര്‍ക്കാരിനുമുണ്ട്. സി.പി.ഐ നേതൃത്വം നടപടിയാവശ്യം മുഖ്യമന്ത്രിക്ക് മുന്നിലേക്ക് വെച്ചിട്ടുണ്ടെന്നാണ് സൂചന. സംസ്ഥാന സെക്രട്ടറിയായ കാനത്തിന്റെ മൗനം ഇതിനോടകം തന്നെ വിമര്‍ശന വിധേയമായ പശ്ചാത്തലത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുപ്പിക്കാനുള്ള സമ്മര്‍ദ്ദം കാനത്തിനുമുണ്ട്.
ഇന്നലെ മുഖ്യമന്ത്രിയും കോടിയേരിയുമായി നടത്തിയ കൂടിക്കാഴ്ചയിലും കാനം ഇതേ നിലപാട് മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് സൂചന. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. ജനപ്രതിനിധിയാണെന്ന് മനസിലാക്കിയിട്ടും ലാത്തിച്ചാര്‍ജ് നടത്തിയ വിഷയം ചൂണ്ടിക്കാട്ടി നടപടിയെടുക്കാനാണ് സാധ്യത. കെ.ഇ ഇസ്മയില്‍ അടക്കമുള്ളവര്‍ പൊലീസിനെതിരെ രംഗത്ത് വന്നതും കാനത്തിന് തിരിച്ചടിയായിട്ടുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ട് വേഗത്തില്‍ വേണമെന്ന ആവശ്യവും ഒരു വിഭാഗം സി.പി.ഐ നേതാക്കള്‍ക്കുമുണ്ട്.