അമിത ജോലിഭാരത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ച കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റിയന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച് ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍. അന്ന സെബാസ്റ്റിയന്റെ മാതാവ് അനിത അഗസ്റ്റിന്റെ കത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് കമ്പനി അധികൃതരെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചത്.
അമിതഭാരം തന്റെ മകളുടെ ജീവന്‍ കവര്‍ന്നെന്ന് ആരോപിച്ച് അനിത ഇവൈയുടെ ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച കത്താണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായത്. കത്ത് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു. മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് അന്നയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഉറക്കമില്ലായ്മയും സമയക്രമമില്ലാത്ത ഭക്ഷണരീതിയുമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഡോക്ടര്‍ അറിയിച്ചതായും അനിതയുടെ കത്തിലുണ്ട്. എന്നാല്‍ അന്നയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച കമ്പനി അധികൃതരോട് മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്പനി ഉറപ്പ് നല്‍കിയില്ലെന്ന് പിതാവ് സിബി ജോസഫ് അറിയിച്ചു.
കമ്പനിയുടെ ബോര്‍ഡ് അംഗങ്ങള്‍, സീനിയര്‍ മാനേജര്‍, എച്ച്ആര്‍ മാനേജര്‍ എന്നിവരാണ് കമ്പനിയെ പ്രതിനിധീകരിച്ച് അന്നയുടെ വീട്ടിലെത്തി. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് കമ്പനി ഉറപ്പുനല്‍കിയതായി സിബി പറഞ്ഞു.