ആവിക്കല്‍ മലിനജല പ്ലാന്റ് വിഷയം; എംഎല്‍എയുടെ ജനസഭ തടസ്സപ്പെടുത്തി, 75 പേര്‍ക്ക് എതിരെ കേസ്

കോഴിക്കോട് ആവിക്കലിലെ മലിനജല പ്ലാന്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ വിളിച്ചു ചേര്‍ത്ത ജനസഭ തടസ്സപ്പെടുത്തി പ്രതിഷേധം നടത്തിയതില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 75 പേര്‍ക്ക് എതിരെ കേസ്. ഇന്നലെ ആയിരുന്നു സംഭവം. അന്യായമായി സംഘം ചേരല്‍, ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍, ഗതാഗതം തടസ്സം ഉണ്ടാക്കി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ജനസഭയില്‍ ആവിക്കല്‍ തോടുമായി ബന്ധപ്പെട്ട ആശങ്കകളെ കുറിച്ച് പരിസരവാസികള്‍ ചോദ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം ആരംഭിക്കുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ജനസഭയിലേക്ക് ആവിക്കല്‍ സമര സമിതി പ്രവര്‍ത്തകരെ വിളിച്ചിരുന്നില്ല. എന്നാല്‍ സ്ഥലത്തെത്തുകയും ചോദ്യങ്ങള്‍ ചോദിക്കുകയുമായിരുന്നു.

പ്രദേശവാസികളുടെ ആശങ്ക കേള്‍ക്കാന്‍ പോലും കോര്‍പ്പറേഷന്‍ തയ്യാറാകുന്നില്ല. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കേണ്ടത് അധികൃതരുടെ ബാധ്യതയാണെന്നും എം.കെ രാഘവന്‍ എം.പി പറഞ്ഞു. പ്രശ്നത്തില്‍ മാന്യമായ പരിഹാരം കാണുകയാണ് വേണ്ടത്. എത്രകാലം പൊലീസിനെ ഉപയോഗിച്ച് സമരത്തെ നേരിടാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. ചര്‍ച്ച നടത്തി മാത്രമേ വിഷയം പരിഹരിക്കാന്‍ കഴിയുകയുള്ളൂ. സമരക്കാരുടെ ആവശ്യം ന്യായമാണെങ്കില്‍ അംഗീകരിക്കണം. അല്ലെങ്കില്‍ കാര്യം അവരെ ബോധ്യപ്പെടുത്തണമെന്നും എം.പി പറഞ്ഞു.

സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു. അതേസമയം സ്വന്തം പാര്‍ട്ടിക്കാരെ മാത്രമാണ് എംഎല്‍എ ജനസഭയ്ക്ക് വിളിച്ചതെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. സമരസമിതി പ്രവര്‍ത്തകര്‍ മനഃപ്പൂര്‍വ്വം ജനസഭ അലങ്കോലപ്പെടുത്തുകയായിരുന്നു എന്നാണ് സിപിഎമ്മിന്റെ ആരോപണം.