ശബരിമല തീര്‍ത്ഥാടന കാലത്തെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി. ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റില്ലാത്ത ഒരു കെഎസ്ആര്‍ടിസി ബസുപോലും ഉണ്ടാകരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. തീര്‍ത്ഥാടകരെ നിര്‍ത്തിക്കൊണ്ട് സര്‍വീസ് നടത്തരുതെന്നും എല്ലാ തീര്‍ത്ഥാടകര്‍ക്കും സീറ്റ് ഉറപ്പാക്കണമെന്നും ഹൈക്കോടതി അറിയിച്ചു.
ഇത്തവണ ശബരിമല തീര്‍ത്ഥാടനത്തിനായി ആയിരത്തോളം ബസുകളാണ് കെഎസ്ആര്‍ടിസി അയയ്ക്കുക. നേരത്തെയും ശബരിമല തീര്‍ത്ഥാടനത്തിന് സര്‍വീസ് നടത്തുന്ന ബസുകളുടെ കാര്യത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഗതാഗത കമ്മീഷണര്‍ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
കോടതിയുടെ നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബഞ്ച് വ്യക്തമാക്കി. അതേസമയം ശബരിമല തീര്‍ത്ഥാടനവുമായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.