മതവിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് അജ്ഞേയവാദിയായ ജവഹർലാൽ നെഹ്‌റു പോലും വിശ്വസിച്ചിരുന്നതായി കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്നതിനായി നിയമം കൊണ്ടുവരുമെന്ന കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫിന്റെ വാഗ്ദാനം ലിംഗസമത്വത്തിന്റെ ലംഘനമല്ല, മറിച്ച് മതപരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഉപാധി മാത്രമാണെന്ന് ദി പ്രിന്റിന് നൽകിയ അഭിമുഖത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
“ലിംഗസമത്വം ഇന്ത്യൻ ഭരണഘടനയിൽ ഉള്ളതാണ്. കോൺഗ്രസിന്റെ നിലപാട് അതിന് എതിരല്ല. ആരാണ് ഭരണഘടനയിൽ അത്തരം കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്? അംബേദ്കറും കോൺഗ്രസിന്റെ വലിയ നേതാക്കളും ആണ് ഇത് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്… അതിനാൽ കോൺഗ്രസ് ലിംഗസമത്വത്തിനെതിരെ അല്ല, ” മുല്ലപ്പള്ളി പറഞ്ഞു.
ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള യുഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം “മതത്തോടുള്ള വൈവിദ്ധ്യമാർന്ന കാഴ്ചപ്പാടുകളെ ബഹുമാനിക്കുക” എന്നത് മാത്രമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ജവഹർലാൽ നെഹ്‌റു അജ്ഞേയവാദിയായിരുന്നു, ഏതെങ്കിലും പ്രത്യേക മതത്തിൽ വിശ്വസിച്ചിരുന്നില്ല. ഏതെങ്കിലും ആരാധനാലയത്തിൽ പോയിരുന്ന വ്യക്തിയായിരുന്നില്ല അദ്ദേഹം. എന്നിരുന്നാലും ഏതെങ്കിലും മതവിശ്വാസിയുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മുന്നിൽ താനുണ്ടാകും എന്ന് പറഞ്ഞ വ്യക്തിയാണ് അദ്ദേഹം, മുല്ലപ്പള്ളി പറഞ്ഞു.
അയ്യപ്പപ്പന്റെ ലക്ഷക്കണക്കിന് വരുന്ന യഥാർത്ഥ ഭക്തരുടെ താത്പര്യം സംരക്ഷിക്കുന്ന ഒരു നിയമനിർമ്മാണം യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കൊണ്ടുവരുമെന്ന് ജനങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ലിംഗസമത്വം ശബരിമലയുമായി ബന്ധപ്പെടുത്തി ഉന്നയിക്കുന്നത് ശരിയല്ലെന്നും ഒരുവന് പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് പ്രവേശിക്കുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.