ഒരു വര്‍ഷവും രണ്ടു മാസവുമായി സസ്പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസ് വരാപ്പുഴ കേസില്‍ എസ്പിക്ക് കിട്ടിയ നീതി പോലും തനിക്ക് നിഷേധിച്ചതായി ആരോപിച്ചു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാത്രി ഉറങ്ങിക്കിടന്ന യുവാവിനെ പൊലീസ് കൊണ്ടു പോവുകയും പിന്നീട് കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് മരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ അന്ന് എസ് പിക്ക് സസ്പെന്‍ഷന്‍ കിട്ടി. പിന്നീട് അദ്ദേഹത്തെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചു. അതിനെക്കാള്‍ വലിയ പാപമാണ് അഴിമതി വിരുദ്ധ ദിനത്തില്‍ അഴിമതിക്കെതിരെ സംസാരിച്ച ജേക്കബ് തോമസ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഐഎംജി ഡയറക്ടറായി ജോലി ചെയ്യുമ്പോള്‍ അവിടെ ചില നൂതന ആശയങ്ങള്‍ നടപ്പാക്കുന്നതിന് ശ്രമിച്ചിരുന്നു. പക്ഷേ ഒന്നിനും അനുമതിയും ഫണ്ടും അനുവദിച്ചില്ല. അന്ന് സെക്രട്ടേറിയറ്റില്‍ നിന്ന് കഴുത്തിന് പിടിച്ച് ഞെരിക്കുന്ന അവസ്ഥയാണ് അനുഭവപ്പെട്ടത്. തനിക്ക് മെമ്മോ കിട്ടിയത് സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തക രചനയുടെ പേരിലാണ്. അഴിമതിയെ കുറിച്ച് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തില്‍ പ്രസംഗിച്ചതിനാണ് തന്നെ ഇപ്പോഴും പുറത്ത് നിര്‍ത്തിയിരിക്കുന്നത്.
Read more
മുഖ്യമന്ത്രിക്ക് തന്നോട് അതൃപ്തിയുള്ളതായി തോന്നുന്നില്ല. ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹം ഇതു വരെ തനിക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല. അതു കൊണ്ട് താനും അദ്ദേഹത്തിനെതിരെ സംസാരിക്കില്ലെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.