തെരുവ് നായ ആക്രമണത്തില്‍ 12കാരി മരിച്ച സംഭവത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി അഭിരാമിയുടെ അമ്മ രജനി. പെരുനാട് ആശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് ആരോപണം.
ജനറല്‍ ആശുപത്രിയിലെത്തിച്ച ശേഷം ഒരു മണിക്കൂര്‍ നിരീക്ഷണത്തില്‍ കിടത്തി. അതിന് ശേഷമാണ് വാക്സിന്‍ നല്‍കിയത്. കുട്ടിയുടെ മുറിവ് കഴിക്കാനുള്ള സോപ്പ് പോലും പുറത്ത് നിന്ന് വാങ്ങിക്കൊണ്ട് വരാന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.
കുറച്ചു കൂടി നന്നായി ആശുപത്രി അധികൃതര്‍ ഇടപെട്ടിരുന്നേല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നും കുട്ടിയുടെ ജീവന്‍ വെച്ച് ആശുപത്രി അധികൃതര്‍ പരീക്ഷണം നടത്തിയെന്നു അമ്മ രജനി കുറ്റപ്പെടുത്തി.
അഭിരാമിക്ക് പേവിഷബാധ ഏറ്റ കാര്യത്തില്‍ സ്ഥിരീകരണമായിരുന്നു. പുനെയിലെ വൈറോളജി ലാബില്‍ നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് റാന്നി സ്വദേശിനി അഭിരാമി മരിച്ചത്. ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി. അഭിരാമിയുടെ മൃതദേഹം നാളെ സംസ്‌കരിക്കും.