മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. സുരേന്ദ്രന്റെ വീട്ടിൽവെച്ചിട്ട് മോൻസന് 25 ലക്ഷം കൈമാറിയതായി പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡിഐജിയെ ചോദ്യം ചെയ്യുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തത്, അനധികൃത സ്വത്ത് സമ്പാദ്യം തുടങ്ങിയ കാര്യങ്ങളിലും അന്വേഷണം നടക്കും.
ഇതുമായി കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനേയും, ഐ ജി ജി ലക്ഷ്മണിനേയും മുൻ ഡിഐജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ തടസങ്ങൾ ഒന്നും കൂടാതെ കേരളത്തിൽ എത്തിക്കാൻ സഹായം അഭ്യർത്ഥിച്ചായിരുന്നു പരാതിക്കാരൻ മോൻസണെ അടക്കം സമീപിച്ചത്. എന്നാൽ തന്റെ കൈയിൽ നിന്നും 25 ലക്ഷം വാങ്ങി മോൻസൻ പറ്റിച്ചു എന്നും പരാതിയിൽ പറയുന്നു. കൂടാതെ കെ. സുധാകരൻ 10 ലക്ഷം രൂപ വാങ്ങിയെന്നും പറയുന്നുണ്ട്. പോക്സോ കേസ് അന്വേഷിച്ച ഡിവൈഎസ്പി വൈ.ആർ.റസ്റ്റമാണ് സാമ്പത്തിക തട്ടിപ്പ് കേസും അന്വേഷിക്കുന്നത്.
പോക്സോ കേസിൽ , 17 കാരിയെ പീഡിപ്പിച്ച കേസിൽ മോൺസൻ മാവുങ്കലിന് മരണം വരെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. വീട്ടിലെ ജീവനക്കാരിയുടെ മകളെയാണ് തുടർ വിദ്യാഭ്യാസ സഹായത്തിന്റെ പേരിൽ പ്രതി പീഡിപ്പിച്ചത്. 18 വയസിന് ശേഷവും മോൺസൻ ഉപദ്രവം തുടരുക ആയിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ മോൺസൻ പിടിയിലായതിനെ തുടർന്ന് പെൺകുട്ടിയും പരാതി നൽകുക ആയിരുന്നു.