കേന്ദ്രമന്ത്രിയിൽ നിന്ന് വലിയൊരു പ്രഖ്യാപനം പ്രതീക്ഷിച്ചു, അതുണ്ടായില്ല; നിരാശ പങ്കുവെച്ച് മുനമ്പം സമരസമിതി

മുനമ്പം സന്ദർശനം നടത്തിയ കേന്ദ്രമന്ത്രിയിൽനിന്ന് വലിയൊരു പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ, അതുണ്ടായില്ലെന്നും മുനമ്പം സമരസമിതി രക്ഷാധികാരി ഫാദർ ആൻ്റണി സേവ്യർ. വഖഫ് നിയമത്തിന്റെ ഡ്രാഫ്റ്റ് പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്നും അതിനായി കുറച്ചുസമയം കൂടി അനുവദിക്കണമെന്നുമാണ് മന്ത്രി പറഞ്ഞതെന്നും ഫാദർ ആന്റണി സേവ്യർ മാധ്യമങ്ങളോട് പ്രതികരിച്ചു.

മുനമ്പം പ്രശ്നം പരിഹരിക്കപ്പെടും. എന്നാൽ, അതിനായി കുറച്ചുകൂടി സമയം എടുക്കുമെന്നാണ് മുനമ്പത്ത് സന്ദർശനം നടത്തിയ കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞത്. വഖഫ് നിയമവുമായി ബന്ധപ്പെട്ട് അതിന്റെ ഡ്രാഫ്റ്റ് പൂർത്തിയാക്കിയാൽ മാത്രമേ ചട്ടങ്ങൾ കൊണ്ടുവരുന്നതിനും സംസ്ഥാനത്തിന് നിർദേശം കൊടുക്കാനും കേന്ദ്രസർക്കാരിന് കഴിയുകയുളളൂ. ഈ സാഹചര്യത്തിൽ മുനമ്പത്ത് പരിഹാരത്തിനായി കൂടുതൽ സമയം വേണ്ടിവരുമെന്നും മുനമ്പത്തെത്തിയ കേന്ദ്രമന്ത്രി പ്രതികരിച്ചിരുന്നു. തുടർന്നാണ് കേന്ദ്രമന്ത്രിയുടെ വാക്കുകളിൽ നിരാശ അറിയിച്ച് സമരസമിതി രംഗത്തെത്തിയത്.

എല്ലാ പാർട്ടിക്കാരും ഇവിടെ വരുകയും ഞങ്ങൾക്ക് പിന്തുണ തരുകയും ചെയ്തു. എന്നാൽ, ഞങ്ങളുടെ പ്രശ്‌നത്തിന് ഇതുവരെയും പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടില്ല. എല്ലാം നഷ്‌ടപ്പെട്ടവരാണ് ഞങ്ങൾ. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ഒരു ശാശ്വത പരിഹാരം ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടു പോവുമെന്നും ഫാദർ ആൻ്റണി സേവ്യർ പറഞ്ഞു.